road
റോഡ് നിർമ്മാണം

ഓച്ചിറ: അഴിമതിയും മെല്ലെപ്പോക്കും ആരോപിച്ച് പ്രദേശവാസികളുടെ നേതൃത്വത്തിൽ നിർമ്മാണം തടഞ്ഞ വവ്വാക്കാവ് - മണപ്പള്ളി റോഡിന്റെ ടാറിംഗ് ജോലികൾ ആരംഭിച്ചു. റോഡിന്റെ വീതിക്ക് ആനുപാതികമായി തഴവ കുലശേഖരപുരം പഞ്ചായത്തുകളെ വേർതിരിക്കുന്ന പാറ്റുവേലിൽ തോടിന് കുറുകെയുള്ള ആനക്കുഴി പാലത്തിന് വീതി ഇല്ലാത്തതിനാൽ പാലത്തിന്റെ വീതികൂട്ടാനും അപകടകരമായ നിലയിൽ പഞ്ചമി മുക്കിന് കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന കലുങ്ക് പുതുക്കിപ്പണിയാനും സൂപ്രണ്ടിംഗ് എൻജിനിയർ ഉണ്ണിക്കൃഷ്ണൻ, ചീഫ് എൻജിനിയർ സാജൻ എന്നിവർ അനുമതി നൽകി. റോഡ് നിർമ്മാണം നടക്കുമ്പോൾ മുഴുവൻ സമയവും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർമ്മാണസ്ഥലത്ത് ഉണ്ടാകണമെന്നത് മന്ത്രിയുടെ കർശന നിർദ്ദേശമാണ്. റോഡ് നിർമ്മാണം നീണ്ടുപോകുന്നതിനെകുറിച്ചും വവ്വാക്കാവ് മണപ്പള്ളി റോഡിന്റെ നിർമ്മാണം നാട്ടുകർ തടഞ്ഞതിനെപ്പറ്റിയും കേരളകൗമുദി വാർത്ത നൽകിയിരുന്നു. റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനം ആരംഭിക്കാത്തതിനാൽ വവ്വാക്കാവ് മണപ്പള്ളി റോഡിലൂടെയുള്ള പ്രദേശവാസികളുടെ യാത്ര ദുരിതപൂർണമായിരുന്നു.

2017-18 ബഡ്ജറ്റിലാണ് റോഡിനായി ഫണ്ട് വകയിരുത്തിയത്

3.85 കോടി രൂപ ചെലവഴിച്ച് 4 കിലോമീറ്റർ ദൂരത്തിലാണ് റോഡ് പുനർ നിർമ്മിക്കുന്നത്

5.5 മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്യുന്നത്

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി 700 മീറ്റർ നീളത്തിൽ ഓട പണിയും

നാട്ടുകാരുടെ പരാതിപ്രകാരം വിവിധ സമയങ്ങളിൽ കരാറുകാരന് നോട്ടീസ് നൽകുകയും ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുകയും ചെയ്തിരുന്നു

ബബിത,​ അസിസ്റ്റന്റ് എൻജിനിയർ

മന്ത്രിയുടെ ഇടപെടൽ

നാട്ടുകാരുടെ പരാതിയും പത്രവാർത്തയും ശ്രദ്ധയിൽപ്പെട്ട മന്ത്രി ജി. സുധാകരന്റെ നിർദ്ദേശാനുസരണം സൂപ്രണ്ടിംഗ് എൻജിനിയർ ഉണ്ണിക്കൃഷ്ണൻ, ചീഫ് എൻജിനിയർ സാജൻ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. എത്രയും പെട്ടെന്ന് ടാറിംഗ് ജോലികൾ ആരംഭിക്കാൻ കരാറുകാരന് നിർദ്ദേശം നൽകിയതോടെയാണ് പണി ആരംഭിച്ചത്.

കോൺട്രാക്ടറുടെ മെല്ലേപ്പോക്ക്

കോൺട്രാക്ടറുടെ മെല്ലേപ്പോക്കും അനാസ്ഥയുമാണ് റോഡിന്റെ പണി അനന്തമായി നീളാൻ കാരണം. ബി.എം.ബി.സി രീതിയിലാണ് റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. വവ്വാക്കാവ്- മണപ്പള്ളി റോഡിന്റെ നിർമ്മാണത്തിനെതിരെ നിരവധി പരാതികൾ നാട്ടുകാർ ഉന്നയിക്കുകയും ഗ്രാമ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ഓച്ചിറയിലെ ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു.