പത്തനാപുരം: പത്തനാപുരം പഞ്ചായത്തോഫീസിന് സമീപത്തുള്ള മൂന്ന് കടകൾ കത്തിനശിച്ചു. കെട്ടിടനിർമ്മാണ കമ്പനിയുടെ ഓഫീസും തയ്യൽ കടയും ചായക്കടയുമാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെയാണ് തീപിടിത്തമുണ്ടായത്. കൺസ്ട്രക്ഷൻ കമ്പനിയിലുണ്ടായിരുന്ന കംപ്യൂട്ടറുകളും പ്രിന്ററും കത്തിനശിച്ചു. തയ്യൽ കടയും രണ്ട് തയ്യൽ മെഷീനുകളും പൂർണമായും നശിച്ചു. സമീപത്തെ ചായക്കടയിലേക്ക് തീ പടർന്നെങ്കിലും ഭാഗികമായ നാശം മാത്രമേ ഉണ്ടായുള്ളു. ആവണീശ്വരം , പുനലൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഫീസിൽ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.