ശാസ്താംകോട്ട: ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകി കുന്നത്തൂർ നിയോജക മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ പാതിവഴിയിൽ. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 1.70 കോടി രൂപ ചെലവഴിച്ച് 25 സ്ഥലങ്ങളിലാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കാനുദ്ദേശിച്ചത്. എന്നാൽ പലതിന്റെയും നിർമ്മാണം അടിസ്ഥാനത്തിൽ മാത്രം ഒതുങ്ങി. കാലവർഷം കനത്തതോടെ ഇവിടങ്ങളിലെല്ലാം ബസ് കാത്തുനിൽക്കുന്നവർ ദുരിതത്തിന് നടുവിലാണ്. മറ്റ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ പല സ്ഥലങ്ങളിലും കടത്തിണ്ണകളും പാതയോരങ്ങളും മാത്രമാണ് ഇവർക്ക് ആശ്രയം.
2016-17 സാമ്പത്തിക വർഷത്തിലാണ് പദ്ധതിക്കായി തുക അനുവദിച്ചത്. ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനായിരുന്നു നിർമ്മാണ ചുമതല. ഇവർ നിർമ്മാണം ഏറ്റെടുക്കുകയും കരാർ തുക ട്രഷറിയിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ ശാസ്താംകോട്ട, ഭരണിക്കാവ് ബസ് സ്റ്റാൻഡ്, ചക്കുവള്ളി എന്നിവിടങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അടിസ്ഥാനം നിർമ്മിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ട്രഷറിയിൽ നിക്ഷേപിച്ചിരുന്ന തുക സർക്കാർ പിൻവലിച്ചതോടെ നിർമ്മാണം ഒരു വർഷത്തോളം മുടങ്ങി.
സംഭവം വിവാദമായതോടെ ആറ് മാസം മുമ്പ് ശാസ്താംകോട്ട, ഭരണിക്കാവ്, ചക്കുവള്ളി എന്നിവിടങ്ങളിലെ നിർമ്മാണം ഏകദേശം പൂർത്തീകരിച്ചു. മറ്റിടങ്ങളിൽ അടിസ്ഥാനം നിർമ്മിച്ചെങ്കിലും മറ്റ് ജോലികൾ എങ്ങും എത്തിയില്ല. ഇതോടെയാണ് മഴനനഞ്ഞ് ബസ് കാത്തുനിൽക്കേണ്ട ഗതികേടിൽ ജനങ്ങൾ എത്തിയത്. വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നത്. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
ഇവ ഉറപ്പുപറഞ്ഞ സൗകര്യങ്ങൾ
01. മനോഹരമായ മേൽക്കൂര
02. ഇരിപ്പിടങ്ങൾ
03. സോളാർ ലൈറ്റുകൾ
04. എഫ്.എം റേഡിയോ
05. മൊബൈൽ ഫോൺ റീചാർജ് സൗകര്യം
നിർമ്മാണം ഇവിടയൊക്കെ......
ശാസ്താംകോട്ട
ഭരണിക്കാവ് ബസ് സ്റ്റാൻഡ്
ചക്കുവള്ളി
ആഞ്ഞിലിമൂട്
കാരാളിമുക്ക്
മൈനാഗപ്പള്ളി
പതാരം
ശൂരനാട് എച്ച്.എസ് ജംഗ്ഷൻ
വയ്യാങ്കര
മലനട
നെടിയവിള
തോപ്പിൽമുക്ക്
പാങ്ങോട്
കല്ലുകടവ്
സിനിമാ പറമ്പ്
(ലിസ്റ്റ് അപൂർണം)