എഴുകോൺ: ജലവിതരണ പൈപ്പ് മാറ്റി പുതിയത് സ്ഥാപിച്ചിട്ടും എഴുകോണിൽ പൈപ്പ് പൊട്ടുന്നത് തുടർക്കഥയാകുന്നു. കാലപ്പഴക്കമുള്ള നിലവാരം കുറഞ്ഞ പൈപ്പിലൂടെ ക്രമാതീതമായ അളവിൽ വെള്ളം തുറന്ന് വിടുന്നതിനാലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. എഴുകോൺ മൂലക്കട ജംഗ്ഷനിൽ മാത്രം രണ്ട് തവണ പൈപ്പ് പൊട്ടിയാണ് പാങ്ങോട് ശിവഗിരി റോഡ് തകർന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ദേശീയ പാതയോരത്തെ കടകളിൽ വെള്ളം കയറുന്നത് പതിവാണ്. ദേശീയപാതാ നിലവാരത്തിലേക്കുയർത്തിയ പാങ്ങോട് - ശിവഗിരി റോഡ് എഴുകോൺ പഞ്ചായത്ത് കെട്ടിടത്തിന് സമീപം പൈപ്പ് പൊട്ടിയതിനെ തുടർന്ന് തകർന്നിട്ട് വർഷങ്ങളേറെയായിട്ടും അറ്റകുറ്റപണി ഇനിയും നടത്തിയിട്ടില്ല.
നാട്ടുകാരുടെ ആരോപണം
പൈപ്പുകളിലൂടെ വെള്ളം പമ്പ് ചെയ്യുന്നതിന് യാതൊരു മാനദണ്ഡവും ഇല്ലാത്തതാണ് പൈപ്പ് പൊട്ടാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൈപ്പ് പൊട്ടുമ്പോൾ അതിശക്തമായി വെള്ളം പുറത്തേക്ക് വരുന്നതിനെ തുടർന്ന് റോഡ് പൊട്ടിപ്പൊളിയുകയാണ്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിരുത്തരവാദപരവും കെടുകാര്യസ്ഥതയുമാണ് ഇത്തരം നാശനഷ്ടങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
4 തവണ പൈപ്പ് പൊട്ടി
കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായി പഴയ പൈപ്പുകൾ മാറ്റി ഗേജ് കൂടിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ തുടരുന്നതിനിടെ നാല് തവണയാണ് എഴുകോണിന്റെ വിവിധ പ്രദേശങ്ങളിൽ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായത്.