കൊട്ടാരക്കര: കൊട്ടാരക്കര - പുത്തൂർ റോഡിന്റെ സംരക്ഷണ ഭിത്തികൾ ഇടിയുന്നു. കോട്ടാത്തല പണയിൽ ജംഗ്ഷൻ മുതൽ പത്തടി വരെയുള്ള ഭാഗത്തെ റോഡിന്റെ സംരക്ഷണത്തിന് നിർമ്മിച്ച കൽക്കെട്ടുകളാണ് ഇടിയുന്നത്. ചില ഭാഗങ്ങളിൽ കൽക്കെട്ട് പൂർണമായും ഇടിഞ്ഞ് തോടിനോട് ചേർന്നിട്ടുണ്ട്. ഇവിടെ മണ്ണൊലിപ്പും കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു. പത്തടി തോടിനോട് ചേരുന്ന റോഡിന്റെ ഭാഗത്ത് പതിറ്റാണ്ടുകൾക്ക് മുമ്പാണ് കൽക്കെട്ട് നിർമ്മിച്ചത്. ശാസ്താംകോട്ട - കൊട്ടാരക്കര നീലേശ്വരം - കോടതി സമുച്ചയം റോഡിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് കൊട്ടാരക്കര - പുത്തൂർ റോഡ്. നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയ സമയത്തുതന്നെ പത്തടി കലുങ്കിന് സമീപം ജില്ലാ പഞ്ചായത്തംഗത്തിന്റെ വീടിനു മുന്നിലായി കൽക്കെട്ടുകൾ ഇടിഞ്ഞു തുടങ്ങിയിരുന്നു. ഇത് തൊട്ടടുത്ത ദിവസംതന്നെ പുനർ നിർമ്മിച്ചെങ്കിലും ശേഷിച്ച ഭാഗം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. അടിയന്തരമായി പണയിൽ ജംഗ്ഷൻ മുതൽ പത്തടി കലുങ്ക് വരെയുള്ള ഭാഗത്തെ റോഡിന്റെ സംരക്ഷണ കൽക്കെട്ട് പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
20.80 കോടി രൂപയുടെ പദ്ധതി
കിഫ്ബിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട - കൊട്ടാരക്കര നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 20.80 കോടി രൂപയാണ് അനുവദിച്ചത്. അവണൂർ മുതൽ പുത്തൂരിന് സമീപത്ത് വരെയുള്ള ഭാഗങ്ങളിൽ വീതി കൂട്ടി. നിർമ്മാണപ്രവർത്തനങ്ങളിൽ ക്രമക്കേടും കാലതാമസവും വരുത്തിയതിനെ തുടർന്ന് അസി. എക്സി. എൻജിനിയറടക്കമുള്ള ഉദ്യോഗസ്ഥരെ മന്ത്രി ജി. സുധാകരൻ ഇടപെട്ട് സസ്പെൻഡ് ചെയ്തിരുന്നു. പകരക്കാരെ ചുമതല ഏൽപ്പിച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചെങ്കിലും വേണ്ടത്ര പുരോഗതി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. മഴ തടസമുണ്ടാക്കുന്നുവെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്. ടാറിംഗ് വൈകിയാലും സംരക്ഷണ ഭിത്തികളുടെ പുനർ നിർമ്മാണം എത്രയും പെട്ടെന്ന് നടത്താവുന്നതാണ്.
വലിയ വാഹനങ്ങളുടെ സഞ്ചാരം വിനയായി
വീതി കൂട്ടിയാണ് റോഡിന്റെ ടാറിംഗ് നടത്തുന്നത്. തോടിന്റെ അരിക് ഭാഗത്ത് വരെ ടാറിംഗിനായി മെറ്റൽ നിരത്തിയിട്ടുണ്ട്. ഇതോടെ വലിയ വാഹനങ്ങൾ കൽക്കെട്ടിനോട് ചേർന്ന് കടന്നുപോകുന്ന സ്ഥിതി ഉണ്ടാവുകയും ബലക്ഷയം സംഭവിച്ച കൽക്കെട്ട് ഇടിഞ്ഞു തുടങ്ങുകയുമായിരുന്നു. കിടങ്ങിൽ ഭാഗത്ത് വലിയ തോതിൽ സംരക്ഷണ ഭിത്തി തകർന്നിരിക്കുകയാണ്. ഏത് നിമിഷവും തകരാവുന്ന സ്ഥിതിയിലാണ് പണയിൽ ക്ഷേത്രത്തിന് മുൻഭാഗത്തെ കൽക്കെട്ട്.