memo
സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് നൽകിയ മെമ്മോ

ഓച്ചിറ: പഞ്ചായത്ത് വകുപ്പിലെ അമിതജോലിഭാരത്തെക്കുറിച്ച് ജീവനക്കാരുടെ യോഗത്തിൽ സംസാരിച്ച ഭരണകക്ഷി യൂണിയൻ നേതാവിന് നിർബന്ധിത സ്ഥലംമാറ്രം. ഓച്ചിറ പഞ്ചായത്ത് സെക്രട്ടറിയും കെ.ജി.ഒ.എ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയംഗവുമായ ജി. രാധാകൃഷ്ണനെയാണ് പാലക്കാട് ജില്ലയുടെ കിഴക്കൻ ഭാഗമായ എരുത്താമ്പള്ളി പഞ്ചായത്തിലേക്ക് നിർബന്ധിത സ്ഥലം മാറ്രം നൽകിയത്. 16ന് ശാസ്താംകോട്ടയിൽ നടന്ന ജില്ലയിലെ നൂറ് ശതമാനം നികുതിപിരിച്ച പഞ്ചായത്തുകളിലെ ഉദ്യാഗസ്ഥരെ അനുമോദിക്കുന്ന ചടങ്ങിലായിയിരുന്നു സംഭവം. ഈ യോഗത്തിലാണ് ജീവനക്കാരുടെ മേൽ അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് സെക്രട്ടറി തുറന്ന് പറഞ്ഞത്. ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത് നൂറ് ശതമാനം നികുതിപിരിച്ച പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും ഉദ്യോഗസ്ഥരുമാണ്. സംസ്ഥാനത്തെ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന എെ.എസ്.ഒ പ്രവർത്തനങ്ങൾ, നൂറ് ശതമാനം നികുതി പിരിവെന്ന ലക്ഷ്യം, നൂറ് ശതമാനം പദ്ധതി ചെലവ് എന്നിവയെ വിമർശിച്ചത് ഗവ. ഉദ്യാഗസ്ഥരുടെ പെരുമാറ്റച്ചട്ടലംഘനമാണെന്ന് സ്ഥലംമാറ്ര ഉത്തരവിൽ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഓച്ചിറ പഞ്ചായത്ത് പദ്ധതി നിർവഹണം പൂർത്തിയാക്കിയതിൽ ജില്ലയിൽ ഒന്നാമതും സംസ്ഥാന തലത്തിൽ മൂന്നാമതുമായിരുന്നു. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെ നിസാരകാരണത്താൽ സ്ഥലം മാറ്റിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

സംസ്ഥാനം മുഴുവനുള്ള പഞ്ചായത്ത് ഒാഫീസുകളിൽ എെ.എസ്.ഒ സർട്ടിഫിക്കേഷൻ നേടുന്ന ജോലി നടന്നു വരുകയാണ്. നിലവിൽ കൊല്ലം ജില്ലയിലെ 68 പഞ്ചായത്തുകഴിൽ 13 എണ്ണത്തിൽ മാത്രമേ സർട്ടിഫിക്കേഷൻ നടപടി പൂർത്തിയായിട്ടുള്ളൂ. പഞ്ചായത്തുകൾക്ക് എെ.എസ്.ഒ സർട്ടിഫിക്കേഷൻ നൽകുന്നത് സ്വകാര്യ കമ്പനിയായ ടാറ്റ പ്രോജക്ടിന്റെ ഉപസ്ഥാപനമായ ക്യു.ആർ സർവീസസ് ആണ്. എെ.എസ്.ഒ സർട്ടിഫിക്കേഷൻ ഇടപാടിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. സത്യസന്ധരും അഴിമതി രഹിതരുമായ ഉദ്യോഗസ്ഥരെ വിരട്ടി കൂടെ നിറുത്താനും തങ്ങൾ നടത്തിയ അഴിമതി പുറത്താകാതിരിക്കാനുമാണ് സത്യസന്ധനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.

ആർ. രാജേഷ് കുമാർ, ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.