തഴുത്തല: തഴുത്തല - കണ്ണനല്ലൂർ ഫാത്തിമാ റോഡ് കണ്ടാൽ മൂക്കത്ത് വിരൽ വയ്‌ക്കേണ്ട അവസ്ഥയാണ്. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ മഴക്കാലമായതോടെ മുട്ടോളം വെള്ളമാണ്.
കാൽനടയാത്രക്കാർക്ക് ഇതുവഴി നടന്നുപോകാൻ സാധിക്കില്ല. വാഹനങ്ങൾക്കാകട്ടെ, റോഡാണോ കുഴിയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയും. ഇരുചക്രവാഹന യാത്രികർ കുഴികളിൽ മറിഞ്ഞുവീഴുന്നത് ഇവിടെ നിത്യസംഭവമാണ്.
തൃക്കോവിൽവട്ടം, ആദിച്ചനല്ലൂർ പഞ്ചായത്തുകളെയും ഇരവിപുരം, ചാത്തന്നൂർ നിയോജകമണ്ഡലങ്ങളെയും വേർതിരിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. അതേസമയം മാസങ്ങളായി തകർന്ന റോഡ് പുനർനിർമ്മിക്കുന്നതിൽ അധികൃതരുടെ അനാസ്ഥ തുടരുകയാണ്.