atm

കൊല്ലം: കൊല്ലം കടപ്പാക്കട സ്വദേശിയായ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് എ.ടി.എം, ഓൺലൈൻ തട്ടിപ്പിലൂടെ അഞ്ച് ലക്ഷത്തോളം രൂപ കവർന്നു. കടപ്പാക്കട ഭാവന നഗർ 76ൽ ലീന സത്താറിന്റെ കൊല്ലം എസ്.ബി.ഐ മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. മേയ് 14 മുതൽ 22 വരെ ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 4,80,000 രൂപയാണ് നഷ്‌ടമായത്. രാജസ്ഥാൻ, ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ എ.ടി.എമ്മുകളിൽ നിന്ന് വ്യാജ എ.ടി.എം കാർഡുകൾ ഉപയോഗിച്ചാണ് പകുതിയോളം തുക പിൻവലിച്ചത്. ചികിത്സാ ആവശ്യത്തിനായി ഡൽഹിയിലായിരുന്ന ലീന മേയ് 27ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്‌ടമായ വിവരം അറിഞ്ഞത്. 29ന് കൊല്ലത്തെത്തിയപ്പോൾ ബാങ്ക് ശാഖയിൽ നേരിട്ടെത്തി പരാതി നൽകി. പണം നഷ്‌ടപ്പെട്ട് ഏറെ ദിവസങ്ങൾ കഴിഞ്ഞ് പരാതി നൽകിയതിനാൽ നഷ്‌ടപരിഹാരം നൽകാനാകില്ലെന്ന നിലപാടിലാണ് ബാങ്ക് അധികൃതർ. ഓരോ തവണ പണം പിൻവലിച്ചപ്പോഴും സന്ദേശം ലീനയുടെ മൊബൈൽ ഫോണിൽ ലഭിച്ചിരുന്നു. പക്ഷെ, ചികിത്സാ ആവശ്യങ്ങൾക്കായി ആശുപത്രിയിലായിരുന്നതിനാൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇതിനാൽ പണം നഷ്ടമാകുന്നതിന്റെ വിവരങ്ങളൊന്നും അറിഞ്ഞതേയില്ല.

ജൂൺ 7ന് കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണം സംസ്ഥാന ഹൈടെക് സെല്ലിന് കൈമാറി. നഷ്‌ടപ്പെട്ട തുക തിരികെ ലഭിക്കാൻ ബാങ്കിംഗ് ഓബുഡ്സ്‌മാനെ സമീപിച്ചിരിക്കുകയാണ് പരാതിക്കാരി.

 9 ദിവസത്തിനുള്ളിൽ 24 ഇടപാടുകൾ, 4.80 ലക്ഷം രൂപ

മേയ് 14 മുതൽ 22 വരെ 24 ഇടപാടുകളിലൂടെയാണ് കവർച്ചാ സംഘം 4.80 ലക്ഷം രൂപ കവർന്നത്. 11 തവണ എ.ടി.എമ്മുകളിൽ നിന്നാണ് പണം പിൻവലിച്ചത്. 13 തവണ ഓൺലൈൻ ഇടപാടുകളിലൂടെ മറ്റ് മൂന്ന് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്യുകയായിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള വിവിധ എ.ടി.എമ്മുകളിൽ നിന്നാണ് പണം പിൻവലിച്ചത്. 4000, 8000, 20000, 40000 രൂപ ക്രമത്തിലാണ് പണം കവർന്നത്.

 ദൃശ്യങ്ങൾ പരിശോധനയിൽ

പണം പിൻവലിച്ച എ.ടി.എം കൗണ്ടറുകളിലെ സുരക്ഷാ കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഇതോടൊപ്പം ലീനയുടെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്‌ഫർ ചെയ്‌ത അക്കൗണ്ടുകളുടെ ഉടമകളുടെ വിവരങ്ങളും ശേഖരിച്ചു.തട്ടിപ്പിനായി ഉപയോഗിച്ച അക്കൗണ്ടുകൾ തുടങ്ങാൻ വ്യാജ തിരിച്ചറിയൽ കാർഡുകളാണ് ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഉത്തർപ്രദേശ്, ബീഹാർ പൊലീസ് സേനകളുടെ സഹായവും തേടിയിട്ടുണ്ട്.