photo

കരുനാഗപ്പള്ളി: കാലവർഷ സീസണിൽ ആലപ്പാട്ട് ഗ്രാമ പഞ്ചായത്ത് നിവാസികളുടെ ജീവിതം നരകതുല്യമാകുന്നു. ഇടക്കിടെയുണ്ടാകുന്ന കടലാക്രമണവും കരിമണൽ ഖനനവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഉപ്പുവെള്ളത്തിന്റെ കടന്ന് കയറ്റവുമാണ് ജനജീവിതം ദുസഹമാക്കുന്നത്. വെള്ളനാത്തുരുത്തു മുതൽ വടക്കോട്ട് അഴീക്കൽ വരെയുള്ള ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറ് വശം അറബിക്കടലും കിഴക്കു വശം ടി.എസ് കനാലുമാണ്. ആലപ്പാട് ഗ്രാമ പഞ്ചായത്ത് 17 കിലോമീറ്റർ നീളത്തിൽ വ്യാപിച്ച് കിടക്കുകയാണ്. പഞ്ചായത്തിന്റെ പലഭാഗങ്ങളിലും കടലും കായലും തമ്മിലുള്ള വ്യത്യാസം 100 മീറ്ററിൽ താഴെ മാത്രമാണ്. കടലിൽ നിന്ന് കരയിലേക്ക് അടിച്ച് കയറുന്ന ശക്തമായ തിരമാലകൾ ടി.എസ് കനാലിലാണ് പതിക്കുന്നത്. മൺസൂൺ സീസണിൽ ഏത് സമയത്തും കടലാക്രമണം പ്രതീക്ഷിച്ചാണ് പ്രദേശവാസികൾ കഴിയുന്നത്. കടലാക്രമണ സമയത്ത് വീട്ടുപകരണങ്ങളും ആഹാര സാധനങ്ങളും കടലെടുക്കുന്നത് പതിവ് സംഭവമാണ്. കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തിൽ വെള്ളനാത്തുരുത്ത് തുറയിലെ റോഡ് പൂർണമായും തകർന്നിരുന്നു.

ആലപ്പാട് ഗ്രാമ പ‌ഞ്ചായത്ത്

കുടുംബങ്ങൾ: 5000 ത്തോളം

ജനങ്ങൾ: 25000 ത്തോളം

ലാന്റ് റിക്ലമേഷൻ പദ്ധതി

62 വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ആലപ്പാട് ഗ്രാമ പഞ്ചായത്തിൽ കടൽ ഭിത്തിയുടെ നിർമ്മാണം ആദ്യമായി ആരംഭിച്ചത്. തുടർന്ന് ഇങ്ങോട്ട് സമുദ്രതീര സംരക്ഷണത്തിനായി കോടിക്കണക്കിന് രൂപയുടെ പാറക്കല്ലുകളാണ് സമുദ്രതീരത്ത് അടുക്കിയത്. എന്നിട്ട് പോലും തീരം പൂർണമായും സംരക്ഷിക്കാനോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇവിടെയാണ് തീര സംരക്ഷണത്തിനായി ഡോ. വി.വി. വേലുക്കുട്ടി അരയൻ ആവിഷ്കരിച്ച ലാന്റ് റിക്ലമേഷൻ പദ്ധതിയുടെ പ്രാധാന്യം വെളിപ്പെടുന്നത്.

സമുദ്രതീര സംരക്ഷണ ഭിത്തിയുടെ അറ്റകുറ്റപ്പണി നടന്നിട്ട് 35 വർഷം

ചെറിയഴീക്കൽ തുറയിൽ കഴിഞ്ഞ 35 വർഷത്തിനുള്ളിൽ ഒരിക്കൽപ്പോലും സമുദ്രതീര സംരക്ഷണ ഭിത്തിയുടെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കടൽത്തീരങ്ങളിൽ നിലവിൽ പാറ അടുക്കുന്നതു കൊണ്ടും പുലിമുട്ടുകൾ നിർമ്മിച്ചതു കൊണ്ടും തീരം സംരക്ഷിക്കാൻ കഴിയുകയില്ലെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. അശാസ്ത്രീയ കരിമണൽ ഖനനം മൂലം കടൽ ഭിത്തിയുടെ അടിഭാഗത്തു നിന്ന് മണ്ണൊലിച്ച് പോകുന്നതിനാൽ സമുദ്രതീര സംരക്ഷണ ഭിത്തികൾ താഴുന്നു.