raju
ജനകീയം ഈ അതിജീവനം" സാമൂഹിക സംഗമം സി.കേശവൻ സ്മാരക ടൗൺ ഹാളിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു. എം.എൽ.എമാരായ എം.നൗഷാദ്, എം.മുകേഷ്, കോവൂർ കുഞ്ഞുമോൻ, പി. ഐഷാ പോറ്റി, മേയർ വി.രാജേന്ദ്രബാബു, ജില്ലാ കളക്ടർ ബി. അബ്ദുൾനാസർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, ജില്ലാ മജിസ്ട്രേട്ട് പി.ആർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സമീപം

കൊല്ലം: പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലാണ് സർക്കാർ നടപ്പിലാക്കിയതെന്ന് മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ദുരിതാശ്വാസപുനരധിവാസ പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സംഘടിപ്പിച്ച 'ജനകീയം ഈ അതിജീവനം' എന്ന സാമൂഹിക സംഗമം സി. കേശവൻ സ്മാരക ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.
പൂർണമായും തകർന്ന വീടുകളിൽ ഭൂരിഭാഗവും നിർമ്മിച്ചു, ആനുകൂല്യങ്ങൾ ഏറിയപങ്കും കൊടുത്തു തീർത്തു. ജൂൺ 30 വരെ അപേക്ഷിക്കാൻ അവസരം നൽകി. അവയാണ് ഇപ്പോൾ നൽകുന്നത്. 2000 ലധികം വീടുകൾ നിർമ്മിച്ച സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി മികച്ച രീതിയിലാണ് നടപ്പാക്കിയത്. ലൈഫ് പദ്ധതി വഴിയും സന്നദ്ധ സംഘടനകൾ സഹകരിച്ചും വീട് നിർമ്മാണത്തിൽ ഏതാണ്ടെല്ലാം പൂർത്തിയാക്കാനായി.
36,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ലോകബാങ്ക് തന്നെ കണക്കാക്കിയത്. നഷ്ടം നികത്താൻ ലോകബാങ്കിനൊപ്പം ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിന്റെ സഹായവും ലഭ്യമാകുമെന്ന് ഉറപ്പായിട്ടുണ്ടെന്നും മന്ത്റി ചൂണ്ടിക്കാട്ടി.
എം. നൗഷാദ് എം. എൽ. എ അദ്ധ്യക്ഷനായി. എം.എൽ.എ മാരായ എം. മുകേഷ്, കോവൂർ കുഞ്ഞുമോൻ, പി.ഐഷാ പോ​റ്റി, മേയർ വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ റിപ്പോർട്ടവതരിപ്പിച്ചു. ദുരന്ത നിവാരണ അതോറി​റ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ആർ. ഗോപാലകൃഷ്ണൻ സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ് നന്ദിയും പറഞ്ഞു. ചടങ്ങിൽ ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പ് നിർമിച്ച പ്രളയശേഷം ഹൃദയപക്ഷം എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

മത്സ്യത്തൊഴിലാളികളെ ആദരിച്ചു;

ആനുകൂല്യങ്ങൾ വിതരണം ചെയ്തു


ജനകീയം ഈ അതിജീവനം പരിപാടിയുടെ വേദിയിൽ വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. പുനർനിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം, വാങ്ങി നൽകിയ വസ്തുവിന്റെ ആധാരം കൈമാറൽ, പ്രളയ രക്ഷാപ്രവർത്തനത്തിന് ആദ്യം ഇറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് ആദരം എന്നിവയാണ് നടന്നത്.
പ്രളയ ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് പൂർത്തിയാക്കിയ 27 വീടുകളുടെ താക്കോലുകൾ ഗുണഭോക്താക്കൾ ഏ​റ്റുവാങ്ങി. പടിഞ്ഞാറെകല്ലട സൂര്യഭവനത്തിൽ ലീലയ്ക്ക് പുതുതായി വസ്തു വാങ്ങി നൽകിയതിന്റെ ആധാരം മന്ത്റി ജെ മേഴ്സിക്കുട്ടി അമ്മ കൈമാറി.
പ്രളയരക്ഷാ ദൗത്യവുമായി ജില്ലയിൽ നിന്ന് ആദ്യം പുറപ്പെട്ട വിനീതമോൾ, ഇൻഫന്റ് ജീസസ്, പത്ത് കല്പന എന്നീ യാനങ്ങളിലെ എട്ടു മത്സ്യത്തൊഴിലാളികളെ പൊന്നാടയണിയിച്ചു ആദരിച്ചു.
പ്രളയത്തിൽ പൂർണമായും തകർന്ന മൺറോതുരുത്ത് വില്ലേജിൽ പ്രീതിയുടെ വീട് പുനർനിർമ്മിച്ച ബിൽഡിംഗ് മെ​റ്റീരിയൽ സ്ഥാപനത്തിന്റെ ഉടമ സുധീഷിനെയും ആദരിച്ചു.