പുനലൂർ:കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഇടപ്പാളയത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് പുനലൂർ ഗവ.താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ച ഇടപ്പാളയം റെയിൽവേ സ്റ്റേഷന് സമീപത്തെ രാധിക ഭവനിൽ ശ്യാമിന്റെ(28) പക്കൽ ആശുപത്രിയിൽ വച്ചു കണ്ടത്250 ഗ്രാമോളം കഞ്ചാവ്. പ്ലാസ്റ്റിക് കവറിലാക്കി സെല്ലോ ടേപ്പ് ഒട്ടിച്ച് ഭദ്രമാക്കിയ നിലയിൽ പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഞ്ചാവ് പുനലൂർ പൊലീസിന് കൈമാറി. പരിക്കേറ്റ മൂന്ന് യുവാക്കളെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11മണിയോടെ ഇടപ്പാളയത്തെ ഗവ. യു.പി.സ്കൂളിന് സമീപത്തെ വളവിൽവച്ചായിരുന്നു അപകടം.ചെങ്കോട്ടയിൽ നിന്നു ബൈക്കിൽ കഞ്ചാവുമായി എത്തിയ ശ്യാം മുന്നിലൂടെ കടന്ന് പോയ കെ.എസ്.ആർ.ടി.സി ബിസിനെ മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ പുനലൂർ ഭാഗത്തും പാലരുവിയിലേക്ക് വന്ന കൊല്ലം സ്വദേശികളായ അമൽ (19), ശംഭു(19) എന്നിവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളിലെയും യാത്രക്കാർ തെറിച്ച് റോഡിൽ വീണു. ചികിത്സയിൽ കഴിയുന്ന ശ്യാമിന് പൊലിസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.