iscaf
ഇസ്കാഫ് കൊല്ലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'നൂറ്റാണ്ട് പിന്നിടുന്ന സീതാകാവ്യം' പരിപാടിയുടെ സമാപന സമ്മേളനം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ആശാന്റെ കവിതകളെല്ലാം ഔഷധങ്ങളാണെന്നും അത് വായിക്കാനും മനസിലാക്കാനും ജനങ്ങൾ ശ്രമിച്ചാൽ കേരളത്തിലെ പകുതി പ്രശ്നങ്ങൾ മാറുമെന്നും മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ - ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്കാഫ്) കൊല്ലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'നൂറ്റാണ്ട് പിന്നിടുന്ന സീതാകാവ്യം' പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശാന്റെ കവിതകളിലും ചിന്തകളിലും സംസ്‌കാരത്തിലും നിറഞ്ഞുനിന്നത് ഒരേയൊരാളുടെ ദർശനമാണ്. അത് ശ്രീനാരായണ ഗുരുവിന്റെ മാനവികതയാണ്. എല്ലാറ്റിൽ നിന്നും പവിത്രമായ സ്‌നേഹത്തിന്റെ കണികകളാണ് ആശാൻ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം പബ്ലിക്ക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ ഇസ്കഫ് സംസ്ഥാന സെക്രട്ടറി പ്രശാന്ത് രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, ഇസ്കഫ് ജില്ലാ സെക്രട്ടറി ജനാർദ്ദനൻ ആചാരി, ജില്ലാ കമ്മിറ്റി അംഗം ബി. സുധാകരൻ നായർ, എസ്.എൻ വനിതാ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എസ്. സുലഭ, എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സി. അനിതാ ശങ്കർ, ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.