ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
നാളെ ജില്ലയിൽ യെല്ലോ അലർട്ട്
കൊല്ലം: ജില്ലയിലാകെ മഴ തണുപ്പിന്റെ ആശ്വാസം ലഭിക്കുമ്പോഴും കരുനാഗപ്പള്ളിയിലെയും കൊല്ലത്തെയും കടലോര മേഖല ദുരിതത്തിലാണ്. ശക്തമായ കടലാക്രണം നേരിടുന്നതിനൊപ്പം പരമ്പരാഗത വള്ളങ്ങളിലെ മത്സ്യബന്ധനവും മുടങ്ങി. ഇരവിപുരം, താന്നി, കരുനാഗപ്പള്ളി ആലപ്പാട് മേഖലകളിൽ സ്ഥിതി ഗുരുതരമാണ്. കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾക്കൊപ്പം സർക്കാർ സംവിധാനങ്ങളും ജാഗ്രത പുലർത്തണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇന്നലെ ഉച്ച കഴിഞ്ഞ് ജില്ലയിലെമ്പാടും മഴ ശക്തമായി. കളക്‌ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂമിന്റെ റിപ്പോർട്ട് അനുസരിച്ച് ജില്ലയിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. മീനാട് വില്ലേജിലാണ് മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകൾ തകർന്നത്. പക്ഷേ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. ആലപ്പാട് വില്ലേജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് ഇന്നലെ സന്ധ്യയോടെ പിരിച്ച് വിട്ടു. 42 കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പെടെ 250 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. കടലിൽ കാണാതായ മത്സ്യതൊഴിലാളികൾക്കായി തിരച്ചിൽ നാവികസേനയും കോസ്റ്റ്ഗാർഡും മറൈൻ എൻഫോഴ്സ്‌മെന്റും തിരച്ചിൽ തുടരുകയാണ്. കടൽ അതീവ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകി.
ഇന്ന് തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുണ്ട്.
ഇന്ന് രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാനിടയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്റെ അറിയിപ്പ്. തിങ്കളാഴ്‌ച ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.