എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം പാരിപ്പള്ളിയിൽ തുടങ്ങി
കൊല്ലം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലീന്റേത് അവസരവാദ നിലപാടുകളാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകർ.
എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം പാരിപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞു. സർവകലാശാലയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ വിഷയങ്ങളിൽ മൂകാഭിനയം നടത്തുന്ന മന്ത്രി അവസരത്തിനൊപ്പം മാറി മറിയുകയാണ്. കാമ്പസുകളിലെ ഏക സംഘടനാ വാദത്തിനെതിരെ എ.ഐ.എസ്.എഫ് നിലപാടെടുക്കും. സംഘടനാ ബലത്തിന്റെയും അധികാരത്തിന്റെയും തണലിൽ പി.എസ്.സിയുടെയും യൂണിവേഴ്സിറ്റിയുടെയും വിശ്വാസ്യത തകർക്കുന്ന പ്രവർത്തനങ്ങളുണ്ടായാൽ എതിർക്കും. അതിൽ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ജയലാൽ എം.എൽ.എ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ.അനിരുദ്ധൻ, എ.ഐ.എസ്.എഫ് നേതാവ് ജെ.അരുൺബാബു, ആർ.ലതാദേവി, ജഗത് ജീവൻലാലി എന്നിവർ പ്രസംഗിച്ചു. പൂർവകാല നേതൃസംഗമം എൻ.അനിരുദ്ധൻ ഉദ്ഘാടനം ചെയ്‌തു.
ജില്ലാ സെക്രട്ടറി സന്ദീപ് അർക്കന്നൂർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച ജില്ലയിലെ 17 മണ്ഡലം കമ്മിറ്റികളും പൂർത്തിയാക്കി. ഇന്ന് ഭാവി പ്രവർത്തന പരിപാടിക്ക് മേലുള്ള ചർച്ച നടക്കും. സമ്മേളനം വൈകിട്ട് സമാപിക്കും. ജില്ലാ പ്രസിഡന്റ് സുരാജ് എസ്.പിള്ള, ഡി.എൽ.അനുരാജ്, ആതിര മുരളി, രാഹുൽ രാധാകൃഷ്‌ണൻ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.