ശാസ്താംകോട്ട: വൈദ്യുതി ലൈനിലെ തകരാറിനെ തുടർന്ന് കന്യാകുമാരി- ബംഗളൂരു ഐലന്റ് എക്സ്‌പ്രസ് ശാസ്താംകോട്ട റെയിൽവെ സ്റ്റേഷനിൽ രണ്ടു മണിക്കൂറോളം നിറുത്തിയിട്ടു. ട്രെയിൻ എഞ്ചിന്റെ പാന്റോഗ്രാഫ് വൈദ്യുത ലൈനിൽ ഉടക്കിയാണ് വൈദ്യുതലൈൻ തകരാറിലായത്.
ഇതേതുടർന്ന് 12.40ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന മെമു ഒരു മണിക്കൂറോളം വൈകി. 2.45ന് ശാസ്താംകോട്ടയിൽ എത്തിയ തിരുവനന്തപുരം- ബംഗളൂരു ഐലന്റ് എക്സ്‌പ്രസും രണ്ട് മണിക്കൂറിലധികം നേരം സ്റ്റേഷനിൽ പിടിച്ചിട്ടു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ മറ്റു സ്റ്റേഷനുകളിൽ പിടിച്ചിട്ടു.
തകരാർ പരിഹരിച്ച് വൈകിട്ട് 4:15 ഓടെയാണ് ട്രെയിൻ യാത്ര തുടർന്നത്. വൈദ്യുത ലൈനിലുണ്ടായ തകരാർ കാരണം ശാസ്താംകോട്ട, മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയ്ക്ക് വൈദ്യുതി ബന്ധം നിലച്ചു. ടെക്നിക്കൽ വിഭാഗം എത്തി തകരാർ പരിഹരിച്ച ശേഷമാണ് പൂർണ്ണതോതിൽ റെയിൽ ഗതാഗതം പുനസ്ഥാപിച്ചത്.