premachandran-n-k
ജി.എസ്. ജയലാൽ എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ സംഘടിപ്പിച്ച ഉപവാസ സമരം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ജി.എസ്. ജയലാൽ എം.എൽ.എ എഴുതിയ തുറന്ന കത്തിൽ അദ്ദേഹത്തിന്റെ അഴിമതി വ്യക്തമാകുന്നതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സ്വകാര്യ ആശുപത്രി ഇടപാടുമായി ബന്ധപ്പെട്ട് ആരോപിതനായ ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ 12 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.

ഒരു എം.എൽ.എ സർക്കാർ ഹോസ്പിറ്റലുകളെ പരസ്യമായി അവഹേളിക്കുന്നതും സ്വകാര്യ ഹോസ്പിറ്റലുകളുടെ അംബാസിഡറായി മാറുന്നതും പൊതു പ്രവർത്തനത്തിന് അപമാനമാണ്. അഴിമതി വ്യക്തമായ സാഹചര്യത്തിൽ എം.എൽ.എ രാജിവയ്ക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

യോഗത്തിൽ കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ് ചാത്തന്നൂർ മുരളി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ഡോ. ജി. പ്രതാപവർമ്മ തമ്പാൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ, നെടുങ്ങോലം രഘു, എൻ. ജയചന്ദ്രൻ, എം. സന്ദേശൻപിള്ള, പരവൂർ രമണൻ, ബിജു പാരിപ്പള്ളി, എസ്. ശ്രീലാൽ, സിസിലി സ്റ്റീഫൻ, എ. ഷുഹൈബ്, സുഭാഷ് പുളിക്കൽ, പരവൂർ സജീബ്‌ തുടങ്ങിയവർ സംസാരിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ ബിന്ദുകൃഷ്ണയ്ക്ക് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.