കൊട്ടാരക്കര: എം.സി.റോഡിൽ സദാനന്ദപുരത്ത് കെ.എസ്.ആർ.ടി.സി. ലോഫ്‌ളോർ ബസ് നിയന്ത്രണം വിട്ട് റോഡിനു നടുവിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി 16 പേർക്ക് പരിക്ക്. ശനിയാഴ്ച മൂന്നരയോടെ ആയിരുന്നു അപകടം. മറ്റു വാഹനങ്ങളെത്താതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പരിക്കേറ്റ ഡൈവർ എറണാകുളം സ്വദേശി പവിത്രൻ(48), കണ്ടക്ടർ ചിങ്ങവനം സ്വദേശി അജികുമാർ(50) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വാളകത്ത് സ്വകാര്യ ആശുപത്രിയിലും കൊട്ടാരക്കര താലൂക്കാശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന എറണാകുളം ഡിപ്പോയിലെ ബസ്സാണ് അപകടത്തിൽ പെട്ടത്. എറണാകുളം സ്വദേശി അജിത(44), മധ്യപ്രദേശ് സ്വദേശി തരുൺകുമാർ(56), കല്ലമ്പലം സ്വദേശി നന്ദന(25), തിരുവനന്തപുരം അരുമാനൂർ സ്വദേശി സുലോചന(58), ചങ്ങനാശേരി സ്വദേശി ഫ്രാൻസിസ്(24), പുതുശ്ശേരിമുക്ക് സ്വദേശി റജിമോൻ(34), ജയചന്ദ്രൻ(58), മല്ലപ്പള്ളി സ്വദേശി മണിയൻ(74), കോട്ടയം സ്വദേശി ജോർജ് മാത്യു(52), മിഖേൽ(13), പേട്ട സ്വദേശി സുരേഷ്(42), നജീം(47), സഫിയ(37) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.