കൊട്ടിയം: മതിയായ രേഖകളില്ലാതെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന രണ്ട് കോടിയിലധികം വിലവരുന്ന 5.778 കിലോഗ്രാം സ്വർണാഭരണങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം പിടികൂടി. തൃശൂരിൽ നിന്ന് കൊല്ലം ജില്ലയിലെ വിവിധ ജുവലറികളിൽ വിൽപ്പനയ്ക്കായി കാറിൽ കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് കൊട്ടിയം ജംഗ്ഷനടുത്ത് വച്ച് പിടികൂടിയത്. ഇപ്പോൾ പിടികൂടിയ സ്വർണത്തിന് 2,04, 34,427 രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പതിവ് വാഹന പരിശോധനയ്ക്കിടയിൽ സംശയം തോന്നിയ കാർ പരിശോധിച്ചപ്പോഴാണ് തളിപ്പറമ്പ് സ്വദേശിയായ യുവാവിൽ നിന്ന് സ്വർണം കണ്ടെത്തിയത്. ഇയാളിൽ നിന്ന് നികുതിയും പിഴയും ഇനത്തിൽ 12, 26,064 രൂപ ഈടാക്കി.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ വി. ശ്യാംകുമാർ, അസി. കമ്മിഷണർ എച്ച്. ഇർഷാദ് എന്നിവരുടെ നിർദ്ദേശപ്രകാരം ജില്ലയിലെ മൊബൈൽ സ്ക്വാഡ് നമ്പർ രണ്ടിലെ സ്റ്റേറ്റ് ടാക്സ് ഓഫീസർ എൻ. അജികുമാർ, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ പി. സുരേഷ്, എസ്. രാജേഷ് കുമാർ, പി. ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
ചരക്കുസേവന നികുതി നിയമം നിലവിൽ വന്ന ശേഷം ജില്ലയിൽ ഒരു വ്യക്തിയിൽ നിന്ന് ഇത്രയധികം സ്വർണം പിടികൂടുന്നത് ഇതാദ്യമായാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നികുതി വെട്ടിപ്പ് നടത്തി സ്വർണം വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അസി. കമീഷണർ (ഇന്റലിജൻസ്) എച്ച്. ഇർഷാദ് അറിയിച്ചു.