കുളത്തൂപ്പുഴ: അന്തർ സംസ്ഥാന പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന ചന്ദനമരം കഴിഞ്ഞ രാത്രിയിൽ മോഷ്ടാക്കൾ മുറിച്ചുകടത്തി. തിരുവനന്തപുരം - ചെങ്കോട്ട പാതയിൽ കുളത്തൂപ്പുഴ മറിയ വളവിനു സമീപം അമേരിക്കൻ മലയാളിയായ മേക്കാട് ഐപ്പിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ അതിരിനോട് ചേർന്നു നിന്ന ചന്ദനമരമാണ് ശനിയാഴ്ച പുലർച്ചെ മോഷ്ടാക്കൾ കടത്തിയത്. രാത്രിയിൽ പ്രദേശത്താകെ ശക്തമായ മഴയായിരുന്നു. വൈകിട്ട് മുതൽ ഇടയ്ക്കിടെ വൈദ്യുതി തടസവും നേരിട്ടിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് മോഷ്ടാക്കൾ ചന്ദനമരം കടത്തിയത്. സ്ഥലമുടമ വിദേശത്താണ്. ചന്ദനമോഷണം സംബന്ധിച്ച് ആരും പരാതി നൽകാത്തതിനാൽ വനം വകുപ്പോ പൊലീസോ കേസെടുത്തിട്ടില്ല.