c
ഗതാഗതക്കുരുക്ക് അഴിക്കാൻ നഗരത്തിൽ 9 പാർക്കിംഗ് കേന്ദ്രം

കൊല്ലം: അനധികൃത വാഹന പാർക്കിംഗ് മൂലമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നഗരഹൃദയത്തിലെ 9 സ്ഥലങ്ങളിൽ പുതുതായി പാർക്കിംഗ് കേന്ദ്രം വരുന്നു. നഗരസഭയ്ക്ക് പുറമേ പൊലീസിന്റെ കൂടി നിയന്ത്രണത്തിലാകും പുതിയ പാർക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

പാർക്കിംഗ് കേന്ദ്രങ്ങളിലെ ഫീസ് പിരിവ് നടത്തുന്നത് ട്രാഫിക് വാർഡൻമാരായിരിക്കും. വാർഡൻമാർക്ക് അതാതിടങ്ങളിലെ ഗതാഗത നിയന്ത്രണച്ചുമതലയും നൽകും. ഫീസിനത്തിൽ ലഭിക്കുന്ന പണം ഉപയോഗിച്ചായിരിക്കും നഗരസഭ വാർഡൻമാർക്ക് ശമ്പളം നൽകുന്നത്. വാർഡൻമാരെ തിരഞ്ഞെടുക്കുന്നത് പൊലീസായിരിക്കും. അടുത്ത് ചേരുന്ന കൗൺസിൽ യോഗത്തിലാണ് ഫീസ് നിരക്ക് നിശ്ചയിക്കുന്നത്.


 പാർക്കിംഗ് കേന്ദ്രങ്ങൾ

1 റെയിൽവേ സ്റ്റേഷന് സമീപം ഹെഡ് പോസ്റ്റ് ഓഫീസ്

2 ക്യു.എ.സി റോഡ്

3. എസ്.പി ഓഫീസ് ആർ.ഒ.ബിയുടെ താഴ്ഭാഗം

4. റെയിൽവേ സ്റ്റേഷൻ - കർബല റോഡിന്റെ വലത് വശം

5. പാർവതീ മിൽ വളപ്പ്

6. ജില്ലാ ആശുപത്രിക്ക് സമീപത്തെ സ്വകാര്യഭൂമി

7. മെയിൻ റോഡിൽ പഴയ കൃഷ്ണ ടാക്കീസ് പരിസരം

8. കളക്ട്രേറ്റിന് എതിർവശത്തെ സ്വകാര്യഭൂമി

9. ചെമ്മാംമുക്കിലെ റവന്യൂ ഭൂമി

 റെയിൽവേ സ്റ്റേഷൻ പരിസരത്ത് സീസൺ ടിക്കറ്റ്

റെയിൽവേ സ്റ്റേഷൻ - കർബല റോഡിലെ പാർക്കിംഗ് കേന്ദ്രത്തിൽ ട്രെയിൻ യാത്രക്കാർക്കായി സീസൺ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തും. സ്ഥിരമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് ചെറിയ ഇളവ് നൽകാനാണ് മണിക്കൂർ നിരക്കിന് പുറമേ സീസൺ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുന്നത്. മറ്റ് കേന്ദ്രങ്ങളിലെല്ലാം മണിക്കൂർ നിരക്കിലാകും ഫീസ് ഈടാക്കുക.

 ലക്ഷ്യം ഫ്രീ റോഡ്

റോഡ് വക്കിലെ അനധികൃത വാഹന പാർക്കിംഗ് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റെയിൽവേ സ്റ്റേഷൻ, ക്യു.എ.സി എന്നിവിടങ്ങളിൽ ഫീസ് ഏർപ്പെടുത്തുന്നത്. പണം നൽകേണ്ടി വരുന്നതോടെ ചെറിയൊരു വിഭാഗമെങ്കിലും ഇവിടുത്തെ പാർക്കിംഗ് ഒഴിവാക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ ഇവിടങ്ങളിലെ ഗതാഗത പ്രശ്നം ഒരുപരിധി വരെ കുറയും.

ഓണത്തിന് മുൻപ് പ്രവർത്തനം തുടങ്ങും

ഓണത്തിന് മുൻപായി ഒൻപത് പാർക്കിംഗ് കേന്ദ്രങ്ങളുടെയും പ്രവർത്തനം ആരംഭിക്കും. ഇതിന് ശേഷം തിരക്കേറിയ മറ്റ് ജംഗ്ഷനുകളിലും സ്വകാര്യഭൂമികൾ വാടകയ്‌ക്കെടുത്ത് പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.