രണ്ട് പേർക്കായി തെരച്ചിൽ
കൊല്ലം: നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളംമറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം അഞ്ചുതെങ്ങ് തീരത്ത് കരയ്ക്കടിഞ്ഞു. കന്യാകുമാരി കൊല്ലങ്കോട് നീരോടി സ്വദേശി സഹായ് രാജിന്റെ (55) മൃതദേഹമാണ് കിട്ടിയത്. മറ്റു രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്.
ഇന്നലെ രാവിലെ ഏഴരയോടെ പ്രദേശവാസികളാണ് സഹായ് രാജിന്റെ മൃതദേഹം അഞ്ചുതെങ്ങ് തീരത്ത് കണ്ടെത്തിയത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് നീണ്ടകര അഴിമുഖത്ത് നിന്നും ഒന്നര നോട്ടിക്കൽ മൈൽ അകലെ വച്ച് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് അഞ്ചുപേർ അപകടത്തിൽപ്പെട്ടത്. നീന്തി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വള്ളത്തിന്റെ ഉടമ കന്യാകുമാരി നീരോടി കൊല്ലങ്കോട് തൈവിളാകം സ്റ്റാലിൻ(45), കൊല്ലങ്കോട് സ്വദേശി നിക്കോളാസ് എന്നിവർക്കേ കരയിലെത്താൻ കഴിഞ്ഞുള്ളു.
സഹായ് രാജിന് പുറമെ കന്യാകുമാരി നീരോടി തൈവിളാകം സ്റ്റാലിൻ(40), കൊല്ലങ്കോട് സ്വദേശി നിക്കോളാസ് (40) എന്നിവർ രക്ഷപ്പെട്ടവർക്കൊപ്പം നീന്തിയെങ്കിലും ഇടയ്ക്കെപ്പൊഴോ അപ്രത്യക്ഷമാവുകയായിരുന്നു.
സ്റ്രാലിനും നിക്കോളാസിനും വേണ്ടി കോസ്റ്റ് ഗാർഡിന്റെ രണ്ട് ബോട്ടുകളും കപ്പലും തെരച്ചിൽ തുടരുകയാണ്. വ്യോമസേനയുടെ ഹെലികോപ്ടർ ശനിയാഴ്ച തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെയും ഹെലികോപ്ടർ ഇറക്കാൻ ശ്രമിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ നടന്നില്ല.
ബുധനാഴ്ച രാവിലെയാണ് ഇവർ നീണ്ടകര ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പോയത്. മടങ്ങിവരുമ്പോഴാണ് വള്ളം മറിഞ്ഞത്. തകർന്ന വള്ളം വെള്ളിയാഴ്ച രാവിലെ തന്നെ ശക്തികുളങ്ങര പള്ളിക്ക് സമീപം പാറക്കൂട്ടത്തിനിടയിൽ അടിഞ്ഞിരുന്നു.
തിരയിൽപ്പെട്ട അഞ്ച് പേരും തമിഴ്നാട്ടിൽ നിന്നും നീണ്ടകരയിലെത്തി തമ്പടിച്ച് മത്സ്യബന്ധനത്തിന് പോകുന്നവരാണ്. ഇവരുടെ കുടുംബാംഗങ്ങളെല്ലാം തമിഴ്നാട്ടിൽ തന്നെയാണ് താമസം.