boat

 അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വള്ളങ്ങൾ

മുന്നറിയിപ്പുകൾ അവഗണിക്കുന്നു

കൊല്ലം: കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കെതിരെ കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ (കെ.എം.എഫ്.ആർ ) ആക്‌ട് അനുസരിച്ച് ഫിഷറീസ് വകുപ്പ് നിയമ നടപടികൾ സ്വീകരിക്കും.

അപകട സാധ്യത ഇല്ലാത്ത സമയങ്ങളിൽ മതിയായ ജീവൻ രക്ഷാ ഉപകരണങ്ങളും സാഗര ആപ്ലിക്കേഷനും ഇല്ലാതെ കടലിൽ പോകുന്ന വള്ളങ്ങൾക്കെതിരെയും നടപടികൾ സ്വീകരിക്കും. മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും സുരക്ഷാ ഉപകരണങ്ങൾ ധരിക്കണമെന്നും മറൈൻ എൻഫോഴ്സ്‌മെന്റ് നിരന്തരം ബോധവൽക്കരിച്ചിട്ടും മത്സ്യതൊഴിലാളികളിൽ പലരും മുഖവിലയ്ക്കെടുക്കുന്നില്ല. കേരളത്തിൽ ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ മത്സ്യത്തിന് വലിയ വില ലഭിക്കുമെന്നതിനാൽ തമിഴ്നാട്ടിൽ നിന്ന് വള്ളങ്ങൾ കൂട്ടത്തോടെ നീണ്ടകരയിലും ശക്തികുളങ്ങരയിലുമെത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വള്ളങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകളെ പൂർണ്ണമായി അവഗണിക്കുകയാണ്. ഇത്തരം വള്ളങ്ങളിൽ പലതിനും രജിസ്ട്രേഷനും ലൈസൻസും ഇല്ല. സുരക്ഷാ മുൻ കരുതലുകളൊന്നുമില്ലാതെ കൊല്ലം തീരത്ത് മത്സ്യബന്ധനം നട

ത്തിയ ഇത്തരം വള്ളങ്ങൾ അടുത്തിടെ തുടർച്ചയായി അപകടത്തിൽ പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ ശക്തമാക്കുന്നത്.

 വള്ളങ്ങൾ പിടിച്ചെടുക്കും

1.കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിച്ച് കടലിൽ പോകുന്ന വള്ളങ്ങൾ മറൈൻ എൻഫോഴ്സ് മെന്റ് പിടിച്ചെടുക്കും.

2. രജിസ്ട്രേഷനും ലൈസൻസും മതിയായ സുരക്ഷാ ഉപകരണങ്ങളും ഇല്ലാത്ത വള്ളങ്ങളുടെ ഉടമകളിൽ നിന്ന് പിഴ ഈടാക്കി തുടർ നിയമ നടപടികളും സ്വീകരിക്കും.

3. മറൈൻ എൻഫോഴ്സ്മെന്റ് പരിശോധന കർശനമാക്കി.

.................................

മുന്നറിയിപ്പുകൾ അവഗണിച്ച് കടലിൽ പോകുന്ന വള്ളങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. കെ.എം.എഫ്.ആർ ആക്‌ട് അനുസരിച്ച് സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കും.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്‌ടർ

കൊല്ലം