ഓച്ചിറ: ഒരുസംഘം മാദ്ധ്യമങ്ങളുടെ പിന്തുണയോടെ എസ്.എഫ്.ഐയെ കേരളത്തിലെ കാമ്പസുകളിൽ ഒറ്റപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയ്ക് സി. തോമസ് പറഞ്ഞു. എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയാ ജോയിന്റ് സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട അജയപ്രസാദിന്റെ പതിനൊന്നാം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയ്ക്.
ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും പരസ്പരം സഹായിക്കുന്നവരാണ്. ഇവർ രണ്ടുപേരും കൊന്നു തള്ളുന്നത് പുരോഗമന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവരെയാണ്. രാജ്യത്തെ വർഗീയതയെ പ്രതിരോധിക്കാൻ കോൺഗ്രസിനാവില്ലെന്നും ജയ്ക് പറഞ്ഞു.
ക്ലാപ്പന പുത്തൻപുരമുക്കിൽ ചേർന്ന സമ്മേളനത്തിൽ സി.പി.എം ക്ലാപ്പന വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ക്ലാപ്പന ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എൻ. വിജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് എം. സജി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശ്യാംമോഹൻ, കുലശേഖരപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. രാജൻ, ക്ലാപ്പന സുരേഷ്, വി. രാജൻ പിള്ള, വസന്ത രമേശ്, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.