കരുനാഗപ്പള്ളി: വയറിളക്കരോഗ നിയന്ത്രണ പാനീയ ചികിത്സാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കരുനാഗപ്പള്ളിയിൽ ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. തെറ്റായ ജീവിതശൈലി ആരോഗ്യരംഗത്തെ നേട്ടങ്ങൾ അട്ടിമറിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസ നിലവാരം ഉള്ളവർ പോലും മാലിന്യം വലിച്ചെറിയുന്ന കാര്യത്തിലും പരിസര ശുചീകരണത്തിന്റെ കാര്യത്തിലും മോശപ്പെട്ട നിലപാടാണ് സ്വീകരിക്കുന്നത്. സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെ പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിയണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ജില്ലാ ആരോഗ്യ വിഭാഗം, ദേശീയ ആരോഗ്യ ദൗത്യം, കരുനാഗപ്പള്ളി നഗരസഭ, മൈനാഗപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ. മണികണ്ഠൻ ആരോഗ്യ സന്ദേശം നൽകി. ഡോ. ബൈജു, നഗരസഭാ കൗൺസിലർമാരായ എൻ.സി. ശ്രീകുമാർ, സി. വിജയൻപിള്ള, എം. സി.എച്ച്. ഓഫീസർ വസന്തകുമാരി, ഡി.വി.എച്ച്.എൻ രമാദേവി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ എൻ.എ. പ്രശാന്ത്, വിനോദിനിയമ്മ, ഷീജ പ്രദീപ്, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.