atm

കൊല്ലം: കടപ്പാക്കട സ്വദേശിയായ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് എ.ടി.എം, ഓൺലൈൻ തട്ടിപ്പിലൂടെ നാലുലക്ഷത്തി എൺപതിനായിരം രൂപ കവർന്നത് ഉത്തരേന്ത്യൻ സംഘമെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു.

കടപ്പാക്കട ഭാവന നഗർ 76ൽ ലീന സത്താർ കൊല്ലം ഈസ്റ്റ് പൊലീസിന് നൽകിയ പരാതിയിൽ സംസ്ഥാന ഹൈടെക് സെല്ലാണ് അന്വേഷണം നടത്തുന്നത്.

കൊല്ലം എസ്.ബി.ഐ മെയിൻ ബ്രാഞ്ചിലെ ലീനയുടെ അക്കൗണ്ടിൽ നിന്ന് മേയ് 14 മുതൽ 22 വരെ 24 തവണയായാണ് ഇത്രയും രൂപ നഷ്‌ടമായത്. ചികിത്സാ ആവശ്യത്തിനായി ഡൽഹിയിലായിരുന്ന ലീന മേയ് 27ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്‌ടപ്പെട്ട വിവരം അറിഞ്ഞത്. 29ന് ബാങ്ക് ശാഖയിൽ പരാതി നൽകിയെങ്കിലും പണം നഷ്‌ടപ്പെട്ട് ഏറെ ദിവസങ്ങൾ കഴിഞ്ഞതിനാൽ നഷ്‌ടപരിഹാരം നൽകാനാകില്ലെന്ന നിലപാടിലാണ് ബാങ്ക്.

11 തവണ വ്യാജ എ.ടി.എമ്മുകൾ ഉപയോഗിച്ചും 13 തവണ ഓൺലൈൻ ഇടപാടുകളിലൂടെ മറ്റ് മൂന്ന് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്‌തുമാണ് കവർച്ച നടത്തിയത്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ സംസ്ഥാനങ്ങളിലെ വിവിധ എ.ടി.എമ്മുകളിൽ നിന്നാണ് പണം പിൻവലിച്ചത്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ പൊലീസുകളുടെ സഹായം തേടിയിട്ടുണ്ട്.

അന്വേഷണം ഇങ്ങനെ

1.ലീനയുടെ അക്കൗണ്ട് കവർച്ചയ്‌ക്കായി തിരഞ്ഞെടുത്തതിന് പിന്നിൽ കൊല്ലത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോ?

2. ജില്ലയിൽ ഇതിനു മുൻപ് ഇതര സംസ്ഥാനക്കാർ നടത്തിയ എ.ടി.എം തട്ടിപ്പുകളിലെ പ്രതികൾ ആരെല്ലാം?

3.അവർ ഇപ്പോൾ എവിടെയാണ് ?

കണ്ടെത്തിയ തെളിവുകൾ

1.പണം പിൻവലിച്ചവരുടെ ദൃശ്യങ്ങൾ

2.പണം ട്രാൻസ്‌ഫർ ചെയ്‌ത അക്കൗണ്ടുകളുടെ വിവരങ്ങൾ.

3. തിരിച്ചറിയൽ കാർഡുകളിൽ കവർച്ച നടത്തിയവരെ അറിയാൻ കഴിയുന്ന ഫോട്ടോകൾ