ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ മിഷന്റെ സഹായത്താൽ പ്ലാക്കാട് പ്രവർത്തനം ആരംഭിച്ച ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഒന്നാം വാർഷികോദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് അദ്ധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി അൻവർ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.15 വയസിനും നാൽപത് വയസിനും ഇടയിൽ പ്രായമുള്ളവരുടെ പുനരധിവാസം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂളിൽ ആദ്യം 7 കുട്ടികളാണുണ്ടായിരുന്നത്. ഇന്ന് 24 വിദ്യാർത്ഥികളുള്ള സ്കൂളിന്റെ പ്രവർത്തനം വളരെ മെച്ചപ്പെട്ട നിലയിലാണ്. വിദ്യാർത്ഥികളെ കൊണ്ടുവരാനും തിരിച്ച് വീട്ടിലെത്തിക്കാനും പഞ്ചായത്ത് മുൻകൈയെടുത്ത് വാഹനം സൗജന്യമായി ഏർപ്പാടാക്കിയിട്ടുണ്ട്. കുട നിർമ്മാണം, തയ്യൽ പരിശീലനം , പച്ചക്കറി കൃഷി എന്നിവയിലുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി വരുകയാണ്. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നീ ആരോഗ്യ മേഖലകളിൽ നിന്നുള്ള സേവനവും സ്കൂളിൽ ലഭ്യമാക്കാൻ പഞ്ചായത്ത് ശ്രദ്ധിക്കുന്നുണ്ട്. ഐ.സി.ഡി.എസ്
ഡിപ്പാർട്ട്മെന്റിന്റെ സഹായവും സ്കൂളിന്റെ പ്രവർത്തനത്തിന് സഹായകരമാകുന്നുണ്ട്. ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ ഈ പ്രവർത്തനം മാതൃകാപരമാണെന്ന് ജി.എസ്. ജയലാൽ എം.എൽ.എ
പറഞ്ഞു. സ്വന്തമായി കെട്ടിടവും സ്ഥലവും ഇല്ലാത്ത സ്കൂളിന് ഈ വർഷം വസ്തുവും അതിൽ കെട്ടിടവും നിർമ്മിക്കാൻ പദ്ധതിയിൽ തുക വകയിരിത്തിയിട്ടുണ്ടെന്നും അതിന് ഡി.പി.സി അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ഐഡി
കാർഡ് വിതരണം ചെയ്തു. തോമസ് ജേക്കബ്, സരസ്വതി, എൻ. അജയകുമാർ, നാസറുദ്ദീൻ, കുടുംബശ്രീ ചെയർപേഴ്സൺ ശൈലജാ സുദർശ്, പഞ്ചായത്ത് സെക്രട്ടറി ബിജു സി. നായർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് നദീറാ കൊച്ചൻ സ്വാഗതവും സ്കൂൾ ടീച്ചർ ബിന്ദു നന്ദിയും പറഞ്ഞു.