ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു
കൊല്ലം: മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥർ കന്നുകാലികളെ വളർത്തി മാതൃക കാട്ടണമെന്നും അത് ക്ഷീര മേഖലയ്‌ക്ക് ഉണർവ് നൽകുമെന്നും മന്ത്രി കെ.രാജു. കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥർ കൂടി കാലികളെ വളർത്താൻ തയ്യാറായാൽ ക്ഷീര മേഖലയിൽ അതിവേഗം സ്വയം പര്യാപ്‌തത കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മേഖല കൃത്രിമ ബീജാധാന കേന്ദ്രങ്ങൾ പുനസ്ഥാപിച്ചു മൃഗസംരക്ഷണ വകുപ്പിനെ ശാസ്ത്രീയമായി പുന:സംഘടിപ്പിക്കണമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണ നടപടി ആരംഭിക്കുക, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്‌ടർമാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിർവചിച്ച് ഉത്തരവിറക്കുക, ക്ഷീരകർഷകർക്ക് സമഗ്രപാക്കേജ് അനുവദിക്കുക, പശുവളർത്തൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, വി.എച്ച്.എസ്.ഇ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് കോഴ്സ് പുനസ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സംസ്ഥാന കൗൺസിൽ യോഗത്തിൽ സതീഷ് അൽഫോൺസ് അദ്ധ്യക്ഷത വഹിച്ചു. സി.കെ. ജയരാജൻ, എ.അസ്‌മത്തുള്ളഖാൻ, നവീൻ മഞ്ഞിപ്പുഴ, കെ.കെ.വഹീദ ബീഗം എന്നിവർ സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളായി രതീശൻ അരിമ്മൽ (പ്രസിഡന്റ് ), എസ്.എം.ദുനിംസ് രിയാസുദ്ദീൻ, എസ്.മുഹമ്മദലി ഷെയ്‌ക്ക് (വൈസ് പ്രസിഡന്റുമാർ), ജി.സജികുമാർ (ജന.സെക്രട്ടറി), വി.മനോജ്, എസ്.വി.പ്രശാന്ത്, വിൽസൺ വർഗീസ് (സെക്രട്ടറിമാർ), എം.സുനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.