ആധുനികമെന്ന് അധികൃതർ, അപരിഷ്‌കൃതമെന്ന് യാത്രക്കാർ
കസേരകൾ സ്ഥാപിക്കുമെന്ന മേയറുടെ ഉറപ്പ് വെറുംവാക്കായി
കൊല്ലം: മുക്കാൽ കോടിയോളം രൂപ മുടക്കി ചിന്നക്കടയിൽ നിർമ്മിച്ച ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യമില്ല. ഇരിപ്പിടത്തിനായി കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്ന് നഗരസഭ ഉറപ്പ് നൽകിയിരുന്നെങ്കിലും വെറുംവാക്കായി.
ആവശ്യത്തിന് കസേരകളില്ലാത്തതിനാൽ 'കാത്തുനിൽക്കാൻ' വിധിക്കപ്പെട്ട ചിന്നക്കട ബസ് സ്റ്റാൻഡിലെ യാത്രക്കാരെക്കുറിച്ച് മേയ് 31ന് 'കാത്തിരിപ്പ് കേന്ദ്രത്തിൽ കാത്തുനിൽക്കണം' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയോട് പ്രതികരിക്കവേയാണ് കൂടുതൽ കസേരകൾ സ്ഥാപിക്കുമെന്ന് മേയർ വി. രാജേന്ദ്രബാബു ഉറപ്പ് നൽകിയത്. രണ്ട് മാസം പിന്നിടുമ്പോഴും മേയറുടെ വാക്ക് യാഥാർത്ഥ്യമാകുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
മഴക്കാലം തുടങ്ങിയതോടെ പുലർച്ചെ മുതൽ രാവേറുന്നത് വരെ നൂറുകണക്കിന് യാത്രക്കാരാണ് കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കുന്നത്. 2.20 മീറ്റർ വീതിയുള്ള പ്ലാറ്റ്ഫോമും യാത്രക്കാർക്ക് മഴ നനയാതെ ബസ് കയറാൻ എട്ട് മീറ്റർ വീതിയിൽ മേൽക്കൂരയും ഇവിടെയുണ്ട്. പക്ഷേ മതിയായ കസേരകൾ ഇല്ലാത്തത് നഗരഹൃദയത്തിലെ ബസ് സ്റ്റേഷനിലെത്തുന്ന വനിതകളെയും വയോധികരെയും രോഗികളെയുമാണ് ഏറെ വലയ്ക്കുന്നത്. യാത്രക്കാർക്ക് വേണ്ടി കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചപ്പോൾ ആവശ്യത്തിന് ഇരിപ്പിടങ്ങൾ കൂടി വേണമെന്ന കാര്യം അധികൃതർ ബോധപൂർവം അവഗണിക്കുകയായിരുന്നു.
ആധുനികമെന്ന് അധികൃതർ പറയുമ്പോഴും ഇരിപ്പിടങ്ങളില്ലാത്ത കാത്തിരിപ്പ് കേന്ദ്രങ്ങൾ അപരിഷ്‌കൃതമാണെന്നാണ് യാത്രക്കാരുടെ നിലപാട്.
ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം
നിർമ്മാണച്ചെലവ്: 70 ലക്ഷം
നീളം: 36 മീറ്റർ
പ്ലാറ്റ്ഫോമിന്റെ വീതി : 2.20 മീറ്റർ
ആകെയുള്ള കസേരകൾ: 15
എം.എൽ.എ ഫണ്ടിൽ നിർമ്മാണം, നഗരസഭയുടെ പരിപാലനം
പി.കെ. ഗുരുദാസൻ എം.എൽ.എ ആയിരിക്കെയാണ് ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപ അനുവദിച്ചത്. ഒന്നേകാൽ വർഷം മുമ്പാണ് പൊതുമരാമത്ത് വിഭാഗം നിർമ്മാണം പൂർത്തീകരിച്ച് പരിപാലന ചുമതല നഗരസഭയ്‌ക്ക് കൈമാറിയത്.
നിർമ്മാണ ശൈലിയിൽ മാത്രമാണ് സർക്കാർ ആധുനികത അവലംബിച്ചത്. വൈഫൈ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടാകുമെന്ന ഉറപ്പിലാണ് നിർമ്മാണം തുടങ്ങിയതെങ്കിലും പൂർത്തീകരിച്ചപ്പോൾ വൈഫൈ പോയിട്ട് ഇരിപ്പിടങ്ങൾ പോലും ഇല്ലാത്ത അവസ്ഥയായി.