pathma
മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ രാമായണ മാസാചരണം തിരുവിതാംകൂ‌ർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മൈതാനത്ത് ഓഡിറ്റോറിയം നിർമ്മിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. ക്ഷേത്രത്തിലെ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സൗജന്യ നിരക്കിലുള്ള അദ്ധ്യാത്മ രാമായണ വില്പനയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെ. സുലോചനയ്ക്ക് അദ്ധ്യാത്മ രാമായണം നൽകിക്കൊണ്ട് ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് നിർവഹിച്ചു. പുതിയ പഞ്ചാംഗത്തിന്റെ വില്പനയുടെ ഉദ്ഘാടനം അഖിലകേരള തന്ത്രി മണ്ഡലം രക്ഷാധികാരി നീലമന ഗോവിന്ദൻ നമ്പൂതിരിക്ക് പഞ്ചാംഗം നൽകിക്കൊണ്ട് ദേവസ്വം ബോർഡ് അംഗം അഡ്വ. എൻ. വിജയകുമാർ നിർവഹിച്ചു. ക്ഷേത്രത്തിൽ തയ്യാറാക്കുന്ന ഔഷധക്ക‌ഞ്ഞിയുടെ വിതരണോദ്ഘാടനം ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സജി സി. നായർ നിർവഹിച്ചു. ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് മുഖത്തല ശ്രീകുമാർ, ദേവസ്വം അസി. കമ്മിഷണർ ആർ. രവി, പ്രൊഫ. വി.ആർ. നമ്പൂതിരി എന്നിവർ സംസാരിച്ചു. ദേവസ്വം സാംസ്കാരിക പുരാവസ്തു വിഭാഗം ഡയറക്ടർ പി. പത്മകുമാർ സ്വാഗതവും ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ പി. മോഹനൻ നായർ നന്ദിയും പറഞ്ഞു.