കൊല്ലം: സാന്ത്വനം സഹകരണ സംഘത്തിന്റെ പേരിൽ അഷ്ടമുടി ആശുപത്രിയുടെ കച്ചവടവുമായി ബന്ധപ്പെട്ട് ജി. എസ് ജയലാൽ എം. എൽ. എ അഴിമതി കാട്ടിയെന്ന് പകൽപോലെ വ്യക്തമായെന്നും ആശുപത്രി വിലയ്ക്ക് വാങ്ങുന്നതിന് വേണ്ടി മാത്രം തട്ടിക്കൂട്ട് സഹകരണസംഘം ഉണ്ടാക്കിയ ജയലാൽ രാജി വയ്ക്കുന്നതുവരെ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്നും ഡി. സി .സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അറിയിച്ചു. ക്രിമിനൽ കേസുകളിലെ പ്രതികളെയും ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ട കരാറുകാർ ഉൾപ്പടെയുള്ളവരെയും കൂട്ടുപിടിച്ചാണ് സംഘം രൂപീകരിച്ചത്. എം. എൽ. എ ആയിരിക്കുമ്പോഴും മറ്റുള്ളവരുടെ പേരിൽ വാഹനം വാങ്ങി ഉപയോഗിക്കുന്നതിന് ബിനാമി എന്നല്ലാതെ മറ്റെന്ത് പേരാണ് വിളിക്കേണ്ടതെന്ന് ജയലാൽ തന്നെ പൊതുജനങ്ങളോട് വ്യക്തമാക്കണം. സർക്കാർ ഫണ്ടും പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത തുകയും ഉപയോഗിച്ച് നിയോജകമണ്ഡലത്തിൽ നടത്തിയെന്ന് അവകാശപ്പെടുന്ന സമ്പൂർണ വികസന പദ്ധതികളിലെ അഴിമതി കഥകൾ ഓരോന്നും പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും, ഈ അഴിമതി മറയ്ക്കുന്നതിന് തുറന്ന കത്തുകൾ ജയലാൽ പൊതുജനങ്ങൾക്ക് മുന്നിൽ ഇനിയും എഴുതേണ്ടി വരുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.