temples
മോഷണം നടന്ന ക്ഷേത്രത്തിൽ പൊലീസ് പരിശോധന നടത്തുന്നു

കൊട്ടാരക്കര : പുലമൺ ഭരണിക്കാവ് ശിവപാർവ്വതി ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ. രാത്രി പരിശോധന നടത്തിയ പൊലീസിന്റെ കൈയിലാണ് മോഷ്ടാവ് കുടുങ്ങിയത്. ഇടുക്കി മാങ്കുളം ആറാട്ടുകടയിൽ വീട്ടിൽ ജയരാജാണ് (28) പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ക്ഷേത്രത്തിലെ രണ്ട് ശ്രീകോവിലുകളുടെയും പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന ആറ് കാണിക്കവഞ്ചികൾ എടുത്ത് സമീപത്തെ സദ്യാലയത്തിൽ എത്തിച്ചാണ് തകർത്തത്. നാണയങ്ങൾ ഉപേക്ഷിച്ചിട്ട് നോട്ടുകൾ മാത്രമാണ് കവർന്നത്. പതിനായിരം രൂപയോളം നഷ്ടം കണക്കാക്കുന്നു. നാലായിരത്തോളം രൂപയുടെ നാണയങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. രണ്ടാഴ്ച മുമ്പ് കാണിക്ക എണ്ണിയതിനാൽ വഞ്ചികളിൽ കൂടുതൽ പണം ഉണ്ടായിരുന്നില്ല.

കൊട്ടാരക്കര എസ്.എച്ച്.ഒ. ശിവപ്രകാശിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പത്തു മാസം മുമ്പും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. അന്ന് തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന പതിമൂവായിരം രൂപ കവർന്നിരുന്നു.ക്ഷേത്രത്തിൽ ചുറ്റമ്പല നിർമ്മാണം നടക്കുന്നതിനാലും അടിക്കടി മോഷണങ്ങൾ ഉണ്ടാകുന്നതിനാലും പൊലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്ന് ഉപദേശക സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.