കൊല്ലം: കരുനാഗപ്പള്ളിയിൽ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. നീണ്ടകര പുത്തൻ തോപ്പിൽ പടിഞ്ഞാറ്റത്തിൽ ജോൺ ബ്രിട്ടോയാണ് (21) പിടിയിലായത്.
ഒരാഴ്ച മുൻപ് നീണ്ടകരയിലെ ഒരു ബിയർ പാർലറിനു സമിപത്ത് നിന്ന് 20 പൊതി കഞ്ചാവുമായി പതിനൊന്ന് വിദ്യാർത്ഥികൾ പിടിയിലായിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് സംഘം ജോൺ ബ്രിട്ടോയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
ശക്തികുളങ്ങര, നീണ്ടകര, ചവറ തുടങ്ങിയിടങ്ങളിലെ ചെറുകിട വില്പനക്കാർക്ക് കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനിയാണ് ജോൺ ബ്രിട്ടോയെന്ന് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപ് പറഞ്ഞിരുന്നു. ഇയാളെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മാതാപിതാക്കൾ വേളാങ്കണ്ണി പള്ളിയിൽ പോയ അവസരം നോക്കി വീട്ടിൽ കഞ്ചാവ് സംഭരിച്ചശേഷം കച്ചവടം നടത്തിവരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപ്, പ്രിവന്റീവ് ഓഫീസർ ശ്യാം കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജു, ശ്യാം കുമാർ, സജീവ് കുമാർ, ജിനു തങ്കച്ചൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബി, ശ്രീമോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.