aisf

സുരാജ് എസ്.പിള്ള, എ .അധിൻ

 ജില്ലയിലെ കോളേജുകളിലും എസ്.എഫ്.ഐയുടെ ഇടിമുറികളെന്ന് വിമർശനം

പാരിപ്പള്ളി: ജില്ലയിലെ കലാലയങ്ങളിൽ എസ്.എഫ്.ഐയുടെ ഫാസിസത്തിനെതിരെ പ്രതിരോധം ഉയർത്താൻ എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ തീരുമാനം. രാഷ്ട്രീയം പറഞ്ഞല്ല, ഭയപ്പെടുത്തിയാണ് എസ്.എഫ്.ഐ വിദ്യാർത്ഥികളെ ഒപ്പം നിറുത്തുന്നത്.
ജില്ലയിലെ കോളേജുകളിൽ എ.ബി.വി.പിയോടും കെ.എസ്.യുവിനോടും എസ്.എഫ്.ഐ മൃദു സമീപനം സ്വീകരിക്കുമ്പോൾ എ.ഐ.എസ്.എഫിനോട് ശത്രുതാ സമീപനമാണ് പുലർത്തുന്നതെന്ന് സമ്മേളനം അംഗീകരിച്ച ഭാവി പ്രവർത്തന രേഖയിൽ പറയുന്നു. യഥാർത്ഥ ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന എ.ഐ.എസ്.എഫിൽ കൂടുതൽ വിദ്യാർത്ഥികൾ അണിനിരക്കുമെന്ന ഭയമാണ് എസ്.എഫ്.ഐയെ അലട്ടുന്നത്. കൊല്ലം എസ്.എൻ കോളേജിൽ എത്രയും വേഗം യൂണിറ്റ് രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കണമെന്നും പ്രവർത്തന രേഖയിൽ പറയുന്നു.

കൊല്ലം എസ്.എൻ കോളേജ് അടക്കമുള്ള ജില്ലയിലെ പല കോളേജുകളിലും എസ്.എഫ്.ഐയുടെ ഇടിമുറികൾ ഉണ്ടെന്ന് കഴിഞ്ഞ ദിവസം പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ വിമർശനമുയർന്നിരുന്നു.

സമ്മേളനത്തിന്റെ ഭാഗമായി മതം,മതനിരപേക്ഷത, വിദ്യാഭ്യാസം എന്ന വിഷയത്തിൽ നടന്ന സെമിനാർ സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം പ്രിജി ശശിധരൻ മോഡറേറ്ററായി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ സജിലാൽ, എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുൽ രാജ്, ദേശീയ എക്‌സിക്യുട്ടീവ് അംഗം അഡ്വ. മിലൻ എം മാത്യു, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം യു. കണ്ണൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി, എ.ഐ.എസ്.എഫ് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ. വിനോദ് തുടങ്ങിയവർ സംസാരിച്ചു.


 സുരാജ് എസ്. പിള്ള പ്രസിഡന്റ്,

എ. അധിൻ സെക്രട്ടറി

സുരാജ്. എസ് പിള്ള പ്രസിഡന്റായും എ. അധിൻ സെക്രട്ടറിയായും 69 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തിര‌ഞ്ഞെടുത്തു. ആതിരാ മുരളി, ജോബിൻ ജേക്കബ്, അമൽ ബി നാഥ്, മുഹമ്മദ് നാസിം (വൈസ് പ്രസിഡന്റ് ), അനന്ദു എസ് പോച്ചയിൽ, പ്രിജി ശശിധരൻ, ഡി. എൽ അനുരാജ്, രാഹുൽ രാധാകൃഷ്ണൻ(ജോ. സെക്രട്ടറി ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

 കേരള സർവകലാശാലയുടെ വിദ്യാർത്ഥി

വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കണം

കേരള സർവകലാശാലയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സർവകലാശാലയുടെ ടൈംടേബിൾ ഷെഡ്യൂളിലും പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കുന്ന അപാകതകളാണുള്ളത്. ഇക്കാര്യത്തിൽ സർക്കാർ കർശന നടപടിയെടുക്കണമെന്നും പ്രമേയത്തിൽ പറയുന്നു.