അഞ്ചൽ: മാനുഷികമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ കേരളകൗമുദി എന്നും മുന്നിലാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കേരളകൗമുദി അഞ്ചൽ ബ്യൂറോ സിൽവർ ജൂബിലി ആഘോഷം ശബരിഗിരി ശാന്തികേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൂറുവർഷം പിന്നിട്ടിട്ടും പത്രാധിപർ തുടങ്ങിവച്ച പാരമ്പര്യം ഇന്നും കേരളകൗമുദി കാത്തുസൂക്ഷിക്കുന്നു. പത്രാധിപർമാർ പലരുമുണ്ടെങ്കിലും കേരളകൗമുദി പത്രാധിപർ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു.
സി.വി. കുഞ്ഞുരാമൻ മുതൽ ഇപ്പേൾ കേരളകൗമുദി നയിക്കുന്ന ദീപുരവി വരെ പത്രധർമ്മം ചോരാതെ വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതിൽ മുൻപന്തിയിലാണ്. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരുടെ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ കേരളകൗമുദി കാട്ടുന്ന താല്പര്യം മഹത്തരമാണ്. കേരളകൗമുദിയുടെ മുഖപ്രസംഗങ്ങൾ അധികാരികൾക്ക് അവഗണിക്കാൻ കഴിയുന്നതല്ലെന്നും മന്ത്രി പറഞ്ഞു.
സത്യസന്ധമായി വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതിൽ കേരളകൗമുദി എന്നും മുൻപന്തിയിലാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഡോ വി.കെ. ജയകുമാർ അഭിപ്രായപ്പെട്ടു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട അഡീ. ജില്ലാ പൊലീസ് സൂപ്രണ്ട് എസ് ശിവപ്രസാദ് , ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ രഞ്ജു സുരേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വിദ്യാഭ്യാസ അവാർഡുകൾ ടൂർ ഫെഡ് എം.ഡി ഷാജി മാധവൻ, ഡോ. കെ.വി. തോമസുകുട്ടി എന്നിവർ വിതരണം ചെയ്തു, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ജി. സുരേന്ദ്രൻ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ, സി. കേശവൻ സ്മാരകസമിതി പ്രസിഡന്റ് അനീഷ് കെ. അയിലറ, എസ്.എൻ.ഡി. പി യോഗം യൂണിയൻ വൈസ്പ്രസിഡന്റ് എ.ജെ. പ്രതീപ്, രചന ഗ്രാനൈറ്റ് എം.ഡി കെ. യശോധരൻ, അഞ്ചൽ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് ജി. സുഗതൻ, ശ്രീകൃഷ്ണ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ എസ്. അജിത് കുമാർ, ജി.ഡി.പി.എസ് കേന്ദ്ര കമ്മിറ്റി അംഗം ആർച്ചൽ സോമൻ , പുനലൂർ മണ്ഡലം സെക്രട്ടറി കെ. നടരാജൻ, രാജേന്ദ്രസ്വാമി അഞ്ചൽ, എക്സ് സർവീസ് ലീഗ് മേഖലാ പ്രസിഡന്റ് പി. അരവിന്ദൻ, ഫസലുദീൻ അൽഅമാൻ, ആയൂർ ഗോപിനാഥ്, കാഥികൻ അഞ്ചൽ ഗോപൻ, വി.എസ്.എസ് യൂണിറ്റ് പ്രസിഡന്റ് ബിി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. കേരളകൗമുദി സീനിയർ സെയിൽസ് എക്സിക്യൂട്ടിവ് എൻ. ശ്രീകുമാർ സ്വാഗതവും അഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീശൻ നന്ദിയും പറഞ്ഞു.