ഇരവിപുരം: സംസ്ഥാന ഹൈവേയിൽ അയത്തിൽ പാലത്തിനടുത്ത് ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളാകുന്നു. പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാൻ അധികൃതർ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പൊട്ടിയ പൈപ്പിലൂടെ ദിവസവും ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാവുന്നത്. വിവരം പല തവണ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഗതാഗത തിരക്ക് രൂക്ഷമായ റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. പൈപ്പ് പൊട്ടിയ ഭാഗത്ത് പ്രദേശവാസികൾ മരച്ചില്ലകളും ടാർ വീപ്പയും എടുത്തിട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് കിളികൊല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സക്കീർ ഹുസൈൻ പറഞ്ഞു.