kallan

 സംഘത്തിൽ രണ്ട് വീതം ഉത്തർപ്രദേശ്, രാജസ്ഥാൻ സ്വദേശികൾ

കൊല്ലം: കടപ്പാക്കട സ്വദേശിയായ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് എ.ടി.എം, ഓൺലൈൻ തട്ടിപ്പിലൂടെ അഞ്ച് ലക്ഷത്തോളം രൂപ കവർന്നത് നാലംഗ ഉത്തരേന്ത്യൻ സംഘമാണെന്ന് സ്ഥിരീകരിച്ചു. രണ്ടുവീതം ഉത്തർപ്രദേശ്, രാജസ്ഥാൻ സ്വദേശികളാണ് സംഘത്തിലുള്ളത്. കടപ്പാക്കട ഭാവന നഗർ 76ൽ ലീന സത്താറിന്റെ കൊല്ലം എസ്.ബി.ഐ മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്ന് മേയ് 14 മുതൽ 22 വരെ 24 തവണയായി 4.80 ലക്ഷം രൂപയാണ് നഷ്‌ടമായത്.

ചികിത്സാ ആവശ്യത്തിനായി ഡൽഹിയിലായിരുന്ന ലീന മേയ് 27ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്‌ടമായ വിവരം അറിഞ്ഞത്. 11 തവണ വ്യാജ എ.ടി.എമ്മുകൾ ഉപയോഗിച്ചും 13 തവണ ഓൺലൈൻ ഇടപാടുകളിലൂടെ മറ്റ് മൂന്ന് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്‌തുമാണ് കവർച്ച നടത്തിയത്. വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് ലക്ഷ്യമിട്ട് തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം ട്രാൻസ്‌ഫർ ചെയ്‌തത്. കവർച്ചാ സംഘത്തിലുള്ളവരുടെ ആധാർ കാർഡിലെ പേരും മേൽവിലാസവും മാറ്റി പരേതരുടെ മേൽവിലാസങ്ങൾ ഉൾപ്പെടുത്തിയാണ് വ്യാജ ആധാർ നിർമ്മിച്ചത്. മേൽവിലാസം തെറ്റാണെങ്കിലും ഫോട്ടോയും വിരലടയാളവും കവർച്ചക്കാരുടേത് തന്നെയാണ്.

അന്വേഷണ പുരോഗതി ഇങ്ങനെ.......

കവർച്ചയ്ക്ക് ഉപയോഗിച്ച അക്കൗണ്ടുകൾ ആരംഭിക്കാൻ നൽകിയ ആധാർ കാർഡുകളിന്മേൽ സംസ്ഥാന ഹൈടെക് സെൽ അന്വേഷണം

യു.പി, രാജസ്ഥാൻ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കാർഡുകൾ വ്യാജമാണെന്ന് തെളിഞ്ഞു

മഹേന്ദ്രപ്രസാദ് എന്നാണ് ഒരു അക്കൗണ്ടിലെ പേര്. അന്വേഷണത്തിൽ ഇയാൾ പരേതനാണ്

കാർഡിലെ ചിത്രവും വിരലടയാളവും ശരിയാണെന്ന ബോദ്ധ്യത്തിൽ വിവരങ്ങൾ ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്‌ക്ക് കൈമാറി.

കാർഡിലെ വിരലളടയാളം ആരുടേതെന്ന് സ്ഥിരീകരിക്കുന്നതിനൊപ്പം ഇവർ മറ്റേതെങ്കിലും കേസിൽ പ്രതികളാണോയെന്നും അന്വേഷിക്കും.

കുറ്റകൃത്യങ്ങൾ ചെയ്യാൻ ലക്ഷ്യമിടുന്നവർ ആധാർ കാർഡിനായി വിരലളടയാളം നൽകുമ്പോൾ തിരിച്ചറിയാതിരിക്കാൻ പ്രത്യേക തരം കറ പുരട്ടാറുണ്ടെന്നാണ് യു.പി പൊലീസ് പറയുന്നു

പ്രതികൾക്കായി തിരച്ചിൽ നോട്ടീസ് ....

ഉത്തർപ്രദേശിലെ നോയിഡയിലെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്ന മോഷ്‌ടാവിന്റെ ചിത്രം അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ഇതോടൊപ്പം ആധാറിലെ ചിത്രങ്ങൾ കൂടി പരിശോധിക്കും. ചിത്രങ്ങൾ കൂടുതൽ മിഴിവുള്ളതാക്കി കേരളത്തിനകത്തും പുറത്തും തെരച്ചിൽ നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം.

ലീനയുടെ അക്കൗണ്ട് കവർച്ചയ്‌ക്കായി തിരഞ്ഞെടുത്തതിന് പിന്നിൽ പ്രാദേശിക സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.