കൊല്ലം: ജില്ലാ ജയിലിൽ തയ്യാറാക്കുന്ന ചിക്കൻ ബിരിയാണിയും ചപ്പാത്തിയും ഇനി ഓൺലൈനിൽ ലഭിക്കും. 'സ്വിഗ്ഗി" എന്ന സ്വകാര്യ ഓൺലൈൻ ഭക്ഷ്യവിതരണ സ്ഥാപനവുമായി ചേർന്നാണ് പുതിയ സംരംഭം. സ്വകാര്യ കമ്പനിയുടെ ആപ്പ് വഴി ജയിൽ വിഭവങ്ങളുടെ കോമ്പോ പായ്ക്ക് ഓർഡർ ചെയ്യാം. വിഭവങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ആവശ്യപ്പെടുന്ന സ്ഥലത്തെത്തിക്കും. ചിക്കൻ ബിരിയാണി, ചപ്പാത്തി, ചിക്കൻ കറി, കാരറ്റ് ഹൽവ, മിനറൽ വാട്ടർ എന്നിവയടങ്ങുന്ന പായ്ക്കിന് 125 രൂപയാണ് വില.
ജയിലിന് 6 കിലോമീറ്റർ ചുറ്റളവിൽ എത്തിക്കുന്നതിന് ഉൾപ്പെടെയുള്ള വിലയാണ് ഇത്. ജയിൽ ചപ്പാത്തിക്കും ചിക്കൻ ബിരിയാണിക്കും ഇപ്പോൾ വൻ പ്രിയമാണ്. ജയിൽ കവാടത്തിന് പുറമെ ചിന്നക്കടയിലും ജില്ലാ ആശുപത്രിക്ക് സമീപവും വാഹനങ്ങളിലെത്തിച്ചാണ് നിലവിലെ വിൽപ്പന. മുൻകൂട്ടിയുള്ള ഓർഡർ പ്രകാരം വിവാഹം, സത്കാരം അടക്കമുള്ള ചടങ്ങുകൾക്ക് വലിയ അളവിലും ഭക്ഷണം തയ്യാറാക്കി നൽകുന്നുണ്ട്. ഓൺലൈൻ വ്യാപാരം ഇന്ന് രാവിലെ 11ന് ജയിൽ അങ്കണത്തിൽ ജയിൽ ഡി.ഐ.ജി എസ്. സന്തോഷ് ഉദ്ഘാടനം ചെയ്യും.
കോമ്പോ പായ്ക്ക്
ചിക്കൻ ബിരിയാണി: 500 ഗ്രാം
ചപ്പാത്തി: 3 എണ്ണം
ചിക്കൻ കറി: 150 ഗ്രാം
കാരറ്റ് ഹൽവ (സ്വീറ്റ്): 1 കഷ്ണം
മിനറൽ വാട്ടർ: 1 ലിറ്റർ
വില: 125 രൂപ
വിതരണം: 6 കിലോമീറ്റർ ചുറ്റളവിൽ