കൊല്ലം: തുടർച്ചയായ ഗേറ്റടവ് മൂലമുള്ള കൂട്ടിക്കട ജംഗ്ഷനിലെ ഗതാഗത സ്തംഭനം ഒഴിവാക്കാൻ ലെവൽ ക്രോസ് മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള മിനുക്ക് പണികൾ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.
തട്ടാമലയിൽ നിന്നും മയ്യനാട് നിന്നുമാണ് കൂട്ടിക്കട ജംഗ്ഷനിൽ കൂടുതൽ വാഹനങ്ങളെത്തുന്നത്. മയ്യനാട് നിന്നുള്ള റോഡ് കൂട്ടിക്കട ജംഗ്ഷനിലെത്തി വലത്തോട്ട് വളഞ്ഞാണ് ലെവൽ ക്രോസിലേക്ക് കയറുന്നത്. അതുപോലെ തന്നെ തട്ടാമലയിൽ നിന്നുള്ള റോഡ് സ്വകാര്യ ആശുപത്രിക്ക് മുന്നിലെത്തി ഇടത്തേക്ക് വളഞ്ഞ് വീണ്ടും വലത്തോട്ട് വളഞ്ഞാണ് ലവൽക്രോസ് കടക്കുന്നത്. ഈ വളവുകൾ തിരിഞ്ഞ് ലെവൽ ക്രോസ് കടക്കാനുള്ള വാഹനങ്ങളുടെ തത്രപ്പാടുകളാണ് കൂട്ടിക്കടയിലെ കുരുക്കിന്റെ പ്രധാന കാരണം.
പ്രതിവിധി
കൂട്ടിക്കടയിലെ ലെവൽ ക്രോസ് മാറ്റി സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് കാലങ്ങൾ പഴക്കമുണ്ട്. വളവിന് മുമ്പ് വരെ തട്ടാമലയിൽ നിന്നുള്ള റോഡിന് നേർദിശയിലാണ് മയ്യനാട് നിന്നുള്ള റോഡിന്റെ കിടപ്പ്. തട്ടാമലയിൽ നിന്നുള്ള റോഡ് സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വച്ച് ഇടത്തോട്ട് വളയാതെ നേരെ റെയിൽപാളം കടന്ന് മയ്യനാട്- കൂട്ടിക്കട റോഡുമായി ബന്ധിപ്പിച്ചാൽ പലതവണ വളയേണ്ട അവസ്ഥ ഒഴിവാകും.
ഇതിനായി നിലവിലെ ലവൽ ക്രോസ് കുറച്ചുകൂടി വടക്കോട്ട് മാറ്റിയാൽ മതിയാകും. ഇവിടെ ഗേറ്റ് സ്ഥാപിച്ചാൽ തട്ടാമലയിൽ നിന്നും മയ്യനാട് നിന്നുമുള്ള റോഡുകളുടെ വളവ് മാറി നേർദിശയിലാകും. തട്ടാമലയിൽ നിന്നും മയ്യനാട് നിന്നുമുള്ള റോഡുകളുടെ വളവ് മാറി നേർദിശയിലാകുന്നതോടെ രണ്ട് റോഡുകളിൽ നിന്നുമുള്ള വാഹനങ്ങൾക്ക് സുഗമമായി മുന്നോട്ട് പോകാനാകും.
കൂട്ടിക്കടയിലെ അഴിയാക്കുരുക്ക്
ട്രെയിനുകൾ കടന്നുപോകാൻ ഗേറ്റ് അടച്ചശേഷം തുറക്കുമ്പോഴാണ് വാഹനങ്ങൾ കുരുങ്ങിക്കുഴയുന്നത്. മയ്യനാട് നിന്ന് തട്ടാമലയിലേക്ക് പോകേണ്ട ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ ഗേറ്റ് കടന്ന് വലതുവശം ഒഴിയാതെ ഇടത്തേക്ക് വളയാനാകില്ല. ഈ സമയം എതിരെ വരുന്ന വാഹനങ്ങൾക്ക് മുന്നോട്ട് പോകാനാകില്ല. കുരുക്കൊഴിയും മുമ്പേ അടുത്ത ട്രെയിൻ കടന്നുപോകാൻ ഗേറ്റ് അടയ്ക്കേണ്ടി വരും. പലപ്പോഴും വാഹനങ്ങൾ ട്രാക്കിന് മദ്ധ്യത്തിൽ നിൽക്കുമ്പോഴാകും ഗേറ്റടയ്ക്കാനുള്ള സൈറൺ മുഴങ്ങുക.
രാവിലെ 9 മുതൽ 11 വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയുമാണ് ഇതുവഴി ഏറ്റവുമധികം ട്രെയിനുകൾ കടന്നുപോകുന്നത്. ഈ സമയത്ത് നാല് റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടും. ഇതോടെ കാൽനടയാത്രക്കാർക്ക് പോലും ഇതുവഴി കടന്നുപോകാനാകില്ല.
മയ്യനാടും ഇരവിപുരത്തും പുതിയ മേല്പാലങ്ങൾക്ക് അനുമതി ലഭിച്ചതിനാൽ കൂട്ടിക്കടയിലും മേൽപ്പാലം എന്ന ആവശ്യത്തിന് അനുമതി ലഭിക്കുക എളുപ്പമല്ല. കുരുക്ക് ഒഴിവാക്കാൻ റെയിൽവേ ഗേറ്റ് മാറ്റി സ്ഥാപിക്കലാണ് ഏക പോംവഴി.
സിമ്പിളായി നടക്കും
കൂട്ടിക്കടയിലെ ഗതാഗത പ്രശ്നം റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിലെത്തിച്ചാൽ ലെവൽ ക്രോസ് മാറ്റി സ്ഥാപിക്കാനുള്ള അനുമതി വേഗത്തിൽ ലഭിക്കുമെന്നാണ് സൂചന. 20 വർഷം മുമ്പ് എസ്.എൻ കോളേജ് ജംഗ്ഷനിലെ ലെവൽക്രോസ് ഇങ്ങനെ മാറ്റിസ്ഥാപിച്ചതാണ്. മറ്റ് പലയിടങ്ങളിലും സമാനമായ നിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്.