കൊല്ലം എസ്.എൻ കോളേജിൽ എസ്.എഫ്.ഐ ഏകസംഘടനാ വാദികൾ
ഇടതുപക്ഷ ധാർമ്മികതയും സദാചാരബോധവും എസ്.എഫ്.ഐയ്‌ക്ക് നഷ്ടമായി
കൊല്ലം: വർഗീയ സംഘടനകളേക്കാൾ ഭയാനകമായി കാമ്പസ് രാഷ്ട്രീയത്തിൽ എസ്.എഫ്.ഐ മാറുന്നത് അപകടകരമെന്ന് എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട്. കഴിഞ്ഞ ദിവസം പാരിപ്പള്ളിയിൽ സമാപിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സന്ദീപ് അർക്കന്നൂർ അവതരിപ്പിച്ച റിപ്പോർട്ടിലാണ് എസ്.എഫ്.ഐയെ അതിരൂക്ഷമായി വിമർശിക്കുന്നത്.
ജില്ലയിലെ എല്ലാ കാമ്പസുകളിലും എ.ഐ.എസ്.എഫിനെ മുഖ്യ ശത്രുവായി കാണുന്നത് എസ്.എഫ്.ഐ ആണ്. കൊല്ലം എസ്.എൻ കോളേജിൽ ഉൾപ്പെടെ ഏക സംഘടനാ വാദികളായി മാറിയ എസ്.എഫ്.ഐ, എ.ഐ.എസ്.എഫിനെ ഭയപ്പെടുകയാണ്. ഇത്തരം പ്രവർത്തനങ്ങളെ മുതലെടുത്ത് വർഗ്ഗീയ ഫാസിസ്റ്റ് സംഘടനകൾ കാമ്പസുകളിൽ പിടിമുറുക്കുന്നു.
കാമ്പസുകളിൽ വർഗീയ സംഘടനകൾക്കോ വലതുപക്ഷ സംഘടനകൾക്കോ യൂണിയൻ ഭരണം കിട്ടിയാലും എ.ഐ.എസ്.എഫ് വിജയിക്കരുതെന്ന അസഹിഷ്‌ണുതയാണ് എസ്.എഫ്.ഐക്ക്. സംഘടനാ പ്രവർത്തനത്തിലും യൂണിയൻ തിരഞ്ഞെടുപ്പുകളിലുമുള്ള എസ്.എഫ്.ഐ നിലപാട് ഇതാണ്. കുണ്ടറ ഐ.എച്ച്.ആർ.ഡി കോളേജിൽ എ.ഐ.എസ്.എഫ് യൂണിയൻ ഭരണം നേടുമെന്ന ഘട്ടം വന്നപ്പോൾ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു.
പുനലൂർ എസ്.എൻ കോളേജിൽ ഗുണ്ടാ സംഘത്തെപ്പോലെയാണ് എസ്.എഫ്.ഐ പ്രവർത്തിക്കുന്നത്. ജനാധിപത്യ മര്യാദകൾ കാറ്റിൽപ്പറത്തിയാണ് അക്രമം നടത്തുന്നതെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. റിപ്പോർട്ടിനെ പൂർണമായും അംഗീകരിക്കുന്ന തരത്തിലഉല്ള രൂക്ഷ വിമർശനമാണ് പൊതുചർച്ചയിയിലും പ്രതിനിധികൾ ഉയർത്തിയത്. യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിന് തൊട്ട് മുൻപ് നടന്ന കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ ഇരുസംഘടനകളും സഖ്യത്തിലാണ് മത്സരിച്ചത്. അടുത്ത മാസം നടക്കാനിരിക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ നിലവിലെ തർക്കങ്ങൾ പ്രതിഫലിക്കാനാണ് സാദ്ധ്യത.