കൊല്ലം: രണ്ട് കിലോ കഞ്ചാവുമായി മെക്കാനിക്കൽ എൻജിനിയർ കരുനാഗപ്പള്ളി എക്സൈസ് സംഘത്തിന്റെ പിടിയിലായി. പത്തനംതിട്ട ചിറ്റാർ കീലത്ത് വീട്ടിൽ അരുൺ മോറെയാണ് (25) നീണ്ടകര ജോയിന്റ് ജംഗ്ഷനിൽ പിടിയിലായത്. കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായ നീണ്ടകര സ്വദേശി ജോൺ ബ്രിട്ടോയ്ക്ക് കൈമാറാൻ കഞ്ചാവുമായി വരികയായിരുന്നു ഇയാൾ. ജോൺ ബ്രിട്ടോ പിടിയിലായത് അരുൺ അറിഞ്ഞിരുന്നില്ല.
ഒരാഴ്ച മുമ്പാണ് ഇവർ തമ്മിൽ ഇടപാടുറപ്പിച്ചത്. ആഴ്ചയിൽ ഒരുതവണയെങ്കിലും ഇങ്ങനെ കഞ്ചാവ് എത്തിക്കുമായിരുന്നു. അക്കൗണ്ട് വഴിയാണ് പണം കൈമാറിയിരുന്നത്. ജോൺ ബ്രിട്ടോയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നീണ്ടകരയിൽ കാത്തുനിന്നാണ് അരുണിനെ വലയിലാക്കിയത്.
എറണാകുളത്ത് പല ഭാഗങ്ങളിലും പോർട്ട് കൊല്ലം കേന്ദ്രമാക്കി കച്ചവടം നടത്തുന്ന ഓട്ടോ ഡ്രൈവർക്കും കഞ്ചാവ് എത്തിച്ചിരുന്നത് താനാണെന്നും കോയമ്പത്തൂർ, നാമക്കൽ, ഈറോഡ് എന്നിവിടങ്ങളിൽ പോയി കഞ്ചാവ് വാങ്ങി ടൂറിസ്റ്റ് ബസിലാണ്കൊണ്ടുവരുന്നതെന്നും അരുൺ വെളിപ്പെടുത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിജു, ശ്യാംകുമാർ, സജീവ് കുമാർ, ജിനു തങ്കച്ചൻ, വനിതാ എക്‌സൈസ് ഉദ്യോഗസ്ഥരായ ഷിബി, ശ്രീമോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.