bdjs
ബി..ഡിജെ.എസ്.. കൊല്ലം ജില്ലാ പ്രസിഡൻറായി തിരഞ്ഞെടുത്ത വനജാവിദ്യാധരന് പുനലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു,

പുനലൂർ: എല്ലാ ജാതി മതസ്ഥരെയും ഉൾപ്പെടുത്തി ബി.ഡി.ജെ.എസിന്റെ പ്രവർത്തനം ജില്ലയിൽ ശക്തമാക്കുമെന്ന് എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ വനജാ വിദ്യാധരൻ പറഞ്ഞു. ബി.ഡി.ജെ.എസിന്റെ പുതിയ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ വനജാ വിദ്യാധരന് പുനലൂർ നിജോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളെ മുന്നിൽക്കണ്ട് ജാതി മത വ്യത്യാസമില്ലാതെ ആദിവാസികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി താഴേത്തട്ടിൽ വരെ സംഘടനയുടെ പ്രവർത്തനം ശക്തമാക്കും. സംസ്ഥാനത്ത് സാമൂഹ്യനീതി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടുകൂടി ജില്ലയിലെ 11നിയോജക മണ്ഡലം കമ്മിറ്റികളും പുനഃസംഘടിപ്പിച്ച് ബൂത്തുതലം വരെയുള്ള കമ്മിറ്റികൾക്ക് രൂപം നൽകും. പുതിയ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ വനജാ വിദ്യാധരന് വമ്പിച്ച സ്വീകരണമാണ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയത്. പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഏരൂർ സുനിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും പുനലൂർ യൂണിയൻ കൗൺസിലറുമായ അടുക്കളമൂല ശശിധരൻ, നിയോജകമണ്ഡലം സെക്രട്ടറിമാരായ ആർച്ചൽ രവികുമാർ, അഞ്ചൽ കൃഷ്ണൻകുട്ടി., മഹിളാസേന പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഗിരിജാതമ്പി, സെക്രട്ടറി കലയനാട് ഗീത, അഞ്ചൽ അഷറഫ്, ഇടത്തറ പച്ച അനീഷ്, ആർച്ചൽ ശ്രീകുമാർ, ഏരൂർ സജീവൻ, സജി, നിമിഷ തുടങ്ങിയവർ പങ്കെടുത്തു.