കരുനാഗപ്പള്ളി: തഴവ മണപ്പള്ളി പതിനൊന്നാം വാർഡിലെ കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും ഗാന്ധിഭവൻ സന്ദർശിച്ച് സ്‌നേഹക്കുടുക്ക എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വാർഡിലെ ഓരോ കുടുംബശ്രീ യൂണിറ്റ് അംഗങ്ങളും സ്‌നേഹക്കുടുക്കയിലേക്ക് നിക്ഷേപിക്കുന്ന പണം ശേഖരിച്ച് കിടപ്പുരോഗികൾക്ക് സഹായമെത്തിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ ഭാരവാഹികൾ പറഞ്ഞു. കുടുംബശ്രീ അംഗങ്ങൾ ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും കളിപ്പാട്ടങ്ങളും ഗാന്ധിഭവനിലെ അന്തേവാസികൾക്ക് സന്ദർശന വേളയിൽ നൽകി. സ്‌നേഹക്കുടുക്ക എന്ന പദ്ധതിയുടെ ഉദ്ഘാടനം ഗാന്ധിഭവൻ ഡയറക്ടർ ഡോ. സോമരാജൻ നിർവഹിച്ചു. ആദ്യ കുടുക്കയുടെ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരവും ഗാന്ധിഭവൻ അന്തേവാസിയുമായ ടി.പി. മാധവൻ മുഖ്യപ്രഭാഷണം നടത്തി. പാവുമ്പ സുനിൽ , രമ്യാകൃഷ്ണൻ, ഡോ. ചന്ദ്രബാബു, ബിജി, ശിശിരറാണി, ഷൈലജ, ശ്യാമള എന്നിവർ സംസാരിച്ചു. ശ്രീവിദ്യ സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ മിനി നന്ദിയും പറഞ്ഞു.