കൊല്ലം: സൗത്ത് സോൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് ഉപരിപഠനത്തിന് ഗ്രേസ് മാർക്ക് നേടിയതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി സജു എസ്. ദാസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പരാതി നൽകി ഒന്നര വർഷത്തിന് ശേഷം കേസെടുത്ത പൊലീസിന്റെ അന്വേഷണത്തിൽ വിശ്വസിക്കാനാവില്ല. ഉന്നതബന്ധമുള്ള തട്ടിപ്പ് കേസിന്റെ അന്വേഷണം ലോക്കൽ പൊലീസ് എങ്ങുമെത്തിക്കുമെന്ന് പ്രതീക്ഷയില്ല. വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയതിന് പിന്നിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് ജോയിന്റ് ഡയറക്‌ടർക്ക് പങ്കുണ്ട്. പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മക്കൾ ഇത്തരം സർട്ടിഫിക്കറ്റുമായി അഡ്മിഷനും ജോലിയും
നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവിക്ക് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേരള റൈഫിൾ അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി എറണാകുളം സ്വദേശി വി.സി. ജെയിംസ്, വ്യാജ സർട്ടിഫിക്കറ്റിലൂടെ ഗ്രേസ് മാർക്ക് നേടിയ പാലക്കാട് സ്വദേശിനി വിദ്യാർഥിനി കെ.എസ്. നിരജ്ഞന എന്നിവർക്കെതിരെ കൊല്ലം വെസ്റ്റ് പോലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള 12 കുട്ടികൾക്കായി 32 സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിച്ചു നൽകുകയായിരുന്നു. 2017 ആഗസ്റ്റ് 21 മുതൽ 26 വരെ ചൈന്നെയിൽ നടന്ന സൗത്ത് സോൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് വിജയികൾക്ക് റൈഫിൾ അസോസിയേഷന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് ഒരാഴ്ച മുമ്പ് വ്യാജ സർട്ടിഫിക്കറ്റുകളുടെ വിതരണം നടന്നിരുന്നതായാണ് പരാതി. സംസ്ഥാന റൈഫിൾ അസോസിയേഷൻ സെക്രട്ടറിയുടെ ഒപ്പോട് കൂടിയ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കുട്ടികളിൽ പലരും ഉപരിപഠനത്തിന് ഗ്രേസ് മാർക്ക് നേടുകയും ചെയ്തു.