c
യുവാക്കൾ ന്യൂജെൻ ബൈക്കിൽ പറക്കുന്നു

പേടിയോടെ കാൽനടയാത്രക്കാർ‌  നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ

കരുനാഗപ്പള്ളി: കാൽനട യാത്രികരെ പേടിപ്പിക്കുന്ന ന്യൂജെൻ ബൈക്കുകളുടെ മരണപ്പാച്ചിലിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. എയർ ഹോൺ മുഴക്കി അമിത വേഗതയിൽ രണ്ടിൽ അധികം പേരുമായി പാഞ്ഞ് വരുന്ന ബൈക്കുകൾ കണ്ടാൽ ജീവഭയത്താൽ റോഡിൽ നിന്ന് ഒാടി മാറേണ്ട അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇത്തരം ന്യൂജെൻ ബൈക്കുകളിൽ പറക്കുന്ന യുവാക്കൾക്ക് ട്രാഫിക് നിയമങ്ങളൊന്നും ബാധകമല്ല. കോളേജുകളിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളെത്തുന്നത് വിലക്കൂടിയ ന്യൂജെൻ ബൈക്കുകളിലാണ്.

400 സി.സിയുള്ള എഞ്ചിനുകളാണ് ന്യൂജെൻ ബൈക്കുകളിൽ സാധാരണയായി ഉപയോഗിക്കുന്നത്. പൊലീസും വാഹന മോട്ടോർ വകുപ്പും പരിശോധന കർശനമാക്കിയാൽ ന്യൂജെൻ ബൈക്കുകളുടെ അമിത വേഗതയ്ക്ക് കടിഞ്ഞാൺ ഇടാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

മണിക്കൂറിൽ 60 കിലോമീറ്റർ

ബൈക്കുകളുടെ അനുവദനീയമായ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആണ്. എന്നാൽ ന്യൂജെൻ ബൈക്കുകൾ സ്റ്റാർട്ട് ചെയ്ത് സെക്കൻഡുകൾക്കുള്ളിൽ തന്നെ വേഗത 50 കിലോമീറ്ററിന് മുകളിൽ വരും. അമിത വേഗതയിൽ പായുന്ന ന്യൂജെൻ ബൈക്കുകൾ അപകടങ്ങളിൽ പെടുന്നത് പതിവ് കാഴ്ചയാണ്.

ലസ് വൺ വിദ്യാർത്ഥികൾ

കരുനാഗപ്പള്ളിയിൽ ന്യൂജെൻ ബൈക്കുകളിൽ ചീറിപ്പായുന്നതിലധികവും വിവിധ സ്കൂളുകളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്. എസ്.എസ്.എൽ.സി ജയിക്കുമ്പോൾ വീട്ടുകാരിൽ സമ്മർദ്ദം ചെലുത്തിയാണ് മിക്ക വിദ്യാർത്ഥികളും ബൈക്ക് സ്വന്തമാക്കുന്നത്.