c
പുലമൺ ജംഗ്ഷനിൽ വ്യാപാര സ്ഥാപനങ്ങൾക്ക മുന്നിൽ പാർക്കു ചെയ്തിരിക്കുന്ന ഇരു ചക്ര വാഹനങ്ങളുടെ നീണ്ടനിര

കൊട്ടാരക്കര: നോ പാർക്കിംഗ് ഏരിയായിലെ ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു. പുലമൺ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ ഇരുപതോളം വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലാണ് നോ പാർക്കിംഗ് ബോർഡുകൾ വകവയ്ക്കാതെ ഇരുചക്രവാഹനങ്ങൾ തോന്നിയപോലെ പാർക്ക് ചെയ്യുന്നത്. ഇത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പല തവണ ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ബൈക്കുകളും ഒാട്ടോകളും

ബസ് സ്റ്റേഷനു മുന്നിൽ റോഡിന് ഒരു വശത്ത് ഒാട്ടോ റിക്ഷകളും മറുവശത്ത് ഇരു ചക്രവാഹനങ്ങളും പാർക്കു ചെയ്യുന്നത് വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവർക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. പുലമൺ ജംഗ്ഷനിലെത്തുന്നവർക്ക് ഇരുചക്ര വാഹനങ്ങളുടെ നീണ്ട നിര കാരണം മിക്ക കടകളിലും കയറാൻ കഴിയാത്ത അവസ്ഥയാണ്.

രാവിലെ 7 മുതൽ രാത്രി 7 വരെ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, അടൂർ, പുനലൂർ എന്നിവിടങ്ങളിൽ വിവിധ ജോലിക്കു പോകുന്നവർ രാവിലെ ഏഴു മണിക്കു മുമ്പ് തന്നെ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ ബൈക്ക് ഉൾപ്പടെയുള്ള വാഹനങ്ങൾ പാർക്കു ചെയ്തിട്ട് പോകും. ഈ വാഹനങ്ങൾ രാത്രി ഏഴു മണിയോടെയാണ് തിരിച്ചെടുക്കുന്നത്.

5 പേ ആൻഡ് പാർ‌ക്ക് കേന്ദ്രങ്ങൾ

ടൗണിൽ അഞ്ച് പേ ആൻഡ് പാർ‌ക്ക് കേന്ദ്രങ്ങൾ ഉള്ളപ്പോഴാണ് വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും പൊതു നിരത്തിലും അനധികൃത പാർ‌ക്കിംഗ് വ്യാപകമാകുന്നത്. ഗതാഗത വകുപ്പ് അധികൃതരോ പൊലീസ് ഉദ്യോഗസ്ഥരോ അനധികൃത വാഹന പാർക്കിംഗ് കണ്ടതായി പോലും നടിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ ആക്ഷേപം.