കൊല്ലം: എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാലയുടെ ആദ്യ ബാച്ചിന്റെ പരീക്ഷാഫലം പുറത്തുവന്നപ്പോൾ കൊല്ലം ടി.കെ.എം എൻജി. കോളേജിന് മികച്ച ജയം. സാങ്കേതിക സർകലാശാല ആദ്യമായി ഏർപ്പെടുത്തിയ ബി.ടെക് ഓണേഴ്സ് ബിരുദം നേടിയ 511 പേരിൽ 114 പേരും (22.3 ശതമാനം) ടി.കെ.എമ്മിലെ വിദ്യാർത്ഥികളാണ്. ഏറ്റവും ഉയർന്ന സി.ജി.പി.എ ആയ 9.78 നേടിയത് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ ദീപിക കൃഷ്ണയാണ്. മെക്കാനിക്കൽ പ്രൊഡക്ഷൻ എൻജിനിയറിംഗിൽ ആദർശ് ആർ. ലാൽ ഒന്നാം റാങ്ക് നേടി.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ 1,2,3,6,7,9 എന്നീ റാങ്കുകളും മെക്കാനിക്കൽ എൻജിനിയറിംഗിൽ 2, 5 റാങ്കുകളും മെക്കാനിക്കൽ പ്രൊഡക്‌ഷനിൽ 1 മുതൽ 9 വരെ റാങ്കുകളും കമ്പ്യൂട്ടർ സയൻസിൽ 3, 10 റാങ്കുകളും സിവിൽ 5, 7 റാങ്കുകളും കെമിക്കലിൽ 1,2,4,6,7,9 റാങ്കുകളും ടി.കെ എമ്മിലെ വിദ്യാർത്ഥികൾക്കാണ്. സംസ്ഥാനത്തെ 152 എൻജി.കോളേജുകളെയും വിദ്യാർത്ഥികളുടെയും അക്കാഡമിക് മികവിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലിൽ 8.27 പോയിന്റ് നേടി ടി.കെ.എം മുന്നിലെത്തി.
പരീക്ഷ എഴുതിയ മൊത്തം കുട്ടികളുടെ സക്സസ് ഇൻഡക്സിൽ 5.003 പോയിന്റ് നേടിയ ടി.കെ.എം അഞ്ചാം സ്ഥാനം നേടി. കോളേജിലെ ബി.ടെക് പ്രോഗ്രാമുകൾക്ക് 6 വർഷത്തെ അക്രഡിറ്റേഷനും നാക്കിന്റെ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. റൂസ ഫണ്ടിംഗിന് അർഹമായ ഏക കോളേജാണ്. വിജയികളെ ടി.കെ.എം കോളേജ് ട്രസ്റ്റ് പ്രസിഡന്റ് ഷഹാൽ ഹസൻ മുസലിയാർ, ട്രഷറർ ജലാലുദ്ദീൻ മുസലിയാർ, പ്രിൻസിപ്പൽ ഡോ. ടി.എ ഷാഹുൽ ഹമീദ് എന്നിവർ അഭിനന്ദിച്ചു.