കൊല്ലം: സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയുമായി തിരുവോണം ബമ്പർ എത്തി. 12 കോടി രൂപയാണ് ഒന്നാം സമ്മാനമുള്ള ടിക്കറ്റിന് 300 രൂപയാണ് വില. 90 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്കായി അച്ചടിച്ചിട്ടുണ്ട്. സെപ്തംബർ 19നാണ് നറുക്കെടുപ്പ്.
ഭാഗ്യക്കുറിയുടെ ജില്ലാ തല വിതരണോദ്ഘാടനം കളക്ടറേറ്റിൽ നടന്നു. ലോട്ടറി ഏജന്റുമാരായ സബീർ, ഉഷാകുമാരി, ഭാസ്കരൻ എന്നിവർക്ക് ലോട്ടറി നൽകി എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ എസ്. ഇന്ദിരാദേവി, ജില്ലാ ഭാഗ്യക്കുറിക്ഷേമ ഓഫീസർ സ്രെഫീന റൊഡ്രിഗ്സ്, ട്രേഡ് യൂണിയൻ നേതാക്കളായ ഒ.ബി. രാജേഷ്, മുരളീധരൻ, രാജൻപിള്ള, ലോട്ടറി ഏജന്റുമാർ, വിൽപനക്കാർ തുടങ്ങിയവർ പങ്കെടുത്തു.