കൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് കരിഞ്ചന്തയിൽ വിൽക്കാൻ സംഭരിച്ചിരുന്ന 1500 ലിറ്റർ മണ്ണെണ്ണ പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ടിലെ സ്വകാര്യ പുരയിടത്തിൽ നിന്ന് പള്ളിത്തോട്ടം പൊലീസ് പിടിച്ചെടുത്തു. പുരയിടത്തിലും ഇവിടെ പാർക്ക് ചെയ്തിരുന്ന ടാറ്റ എയ്സ് വാഹനത്തിലുമായി കന്നാസുകളിലാണ് മണ്ണെണ്ണ സൂക്ഷിച്ചിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഉടമസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.
മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോൾ പരിമിതമായ അളവിലാണ് മണ്ണെണ്ണ ലഭിക്കുന്നത്. റേഷൻ കടകളിൽ നിന്ന് അനധികൃതമായി സംഭരിച്ച ശേഷം മത്സ്യത്തൊഴിലാളികൾക്ക് നാലിരട്ടി വിലയ്ക്ക് വിൽക്കുന്ന സംഘങ്ങൾ തീരദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇവരാകാം ഇവിടെ മണ്ണെണ്ണ സംഭരിച്ചതെന്ന് സംശയിക്കുന്നു. വാഹനത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പള്ളിത്തോട്ടം സി.ഐ ദേവരാജൻ പറഞ്ഞു. പിടിച്ചെടുത്ത മണ്ണെണ്ണ റേഷൻ കടകളിൽ നിന്ന് കടത്തിയതാണോയെന്ന് സ്ഥിരീകരിക്കാൻ സപ്ലൈ ഓഫീസർ പരിശോധന നടത്തും.