പത്തനാപുരം; ഗജരാജമന്ത്രം ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ തലവൂരിൽ ഗജപൂജയും ആനയൂട്ടും നടന്നു. സ്വീകരണ ഘോഷയാത്രയോടെയാണ് കേരളത്തിലെ പേര് കേട്ട കരിവീരൻമാരായ ചാരൂർമഠം രാജശേഖരൻ, ഇളമ്പള്ളൂർ കൊച്ചുഗണേശൻ, കാഞ്ഞിരക്കാട്ട് ശേഖരൻ എന്നിവരെ തലവൂർ തൃക്കൊന്നമർകോട് ശ്രീ ദുർഗാദേവീ ക്ഷേത്ര സന്നിധിയിലേക്ക് കൊണ്ടുവന്നത്. ഗജപൂജയ്ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങളും പഴവർഗങ്ങളും നല്കിയായിരുന്നു ആനയൂട്ട് ചടങ്ങ്. നിരവധി പേർ ആനയൂട്ട് കാണാൻ ക്ഷേത്ര സന്നിധിയിൽ എത്തിയിരുന്നു . ശർക്കര, കരിപ്പെട്ടി, റവ, പഞ്ഞിപ്പുല്ല് തുടങ്ങിയവ ചേർന്ന വിഭവങ്ങളും ആനയൂട്ടിന്റെ ഭാഗമായി ഗജവീരൻമാർക്ക് നൽകി. തുടർന്ന് ഗജരാജമന്ത്രം ആനപ്രേമി സംഘത്തിന്റെ ചികിത്സാ ധനസഹായ വിതരണവും നടന്നു. അർബുദ ബാധിതരായ അഞ്ച് പേർക്കാണ് ധനസഹായം നൽകിയത്. ആനകളെ മികച്ച രീതിയിൽ പരിപാലിക്കുന്ന ഷാജി, മണികണ്ഠൻ, വിഷ്ണു എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആനപ്രേമി സംഘം പ്രവർത്തകരായ എച്ച്. അഭിജിത്ത്, ജോമോൻ ജോസ്, ശരത്, അരുൺ, അനൂപ്, ജിഷ്ണു, മനീഷ്, വിഷ്ണു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.