കൊല്ലം: അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളിൽ തൂപ്പുംപടലും നിക്ഷേപിച്ചും, ഏറ്റംകെട്ട്, ലൈറ്റ് ഉപയോഗിച്ചും ചെറിയ കണ്ണി വലിപ്പമുള്ള വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനെതിരെ ഇൻലാന്റ് ആക്ട് പ്രകാരം ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കി.
ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്‌മെന്റും സംയുക്തമായി അഷ്ടമുടിക്കായലിലെ പെരുമൺ, പടപ്പക്കര, കുതിരമുനമ്പ്, സാമ്പ്രാണിക്കോടി, മണലിൽക്ഷേത്രത്തിന് വടക്കുഭാഗം എന്നിവിടങ്ങളിൽ അനധികൃതമായി നിക്ഷേപിച്ചിരുന്ന നിരവധി തൂപ്പും പടലും നീക്കം ചെയ്തു. അനധികൃതമായി താഴ്ത്തി വച്ചിരുന്ന ചീനവലയിൽ നിന്ന് ആറ് സെറ്റ് ബൾബുകളും നീണ്ടകരയിൽ ഏറ്റം കെട്ടിയ വലയും പിടിച്ചെടുത്തു. മത്സ്യത്തൊഴിലാളികൾ അനധികൃത മത്സ്യബന്ധന രീതികൾ അവലംബിക്കാതെ ഫിഷറീസ് വകുപ്പുമായി സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. ഗീതാകുമാരി അറിയിച്ചു. ഇത്തരം വിനാശകരമായ മത്സ്യബന്ധന രീതികൾ ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസിലെ 0474 2792850 ഫോൺ നമ്പരിൽ അറിയിക്കണം.